സിനിമാ തിയേറ്റ‌ർ ഇല്ലാത്ത നെയ്യാറ്റിൻകര

Monday 09 March 2026 1:47 AM IST

നെയ്യാറ്റിൻകര: കാൽഡസൻ തിയേറ്ററുകളുണ്ടായിരുന്ന നെയ്യാറ്റിൻകരയിൽ ഇന്ന് ഒരു സിനിമാ തിയേറ്റ‌ർപോലുമില്ല. നമ്പ‌ർ വൺ കളക്ഷൻ നേടിയിരുന്നവയാണ് ഇവിടത്തെ തിയേറ്ററുകൾ. യൂട്യൂബിന്റെയും സോഷ്യൽ മീഡിയയുടെ അരങ്ങേറ്റത്തോടെയും പ്രേക്ഷക വീക്ഷണം മാറിയതും തിയേറ്ററുകൾക്ക് തിരിച്ചടിയായി. 80 കാലഘട്ടങ്ങളിൽ നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിലുണ്ടായിരുന്ന എസ്.എൽ തിയേറ്റ‌‌ർ ക്രമേണ കണ്ടമത്തായി മാറി. ഇവിടെ മൂന്ന് ഷോകളിലും ജനത്തിരക്കായിരുന്നു. നെയ്യാറ്റിൻകര പഴയ ബസ്റ്റാൻഡിന് സമീപമുള്ള എം.വി തിയേറ്ററിലും ടി.ബി ജംഗ്ഷനിലെ ശുഭ തിയേറ്റ‌‌റിലും തിരക്കുണ്ടായിരുന്നതാണ്. നെയ്യാറ്റിൻകരയിലെ ആദ്യകാല ഫിലിം സൊസൈറ്റികളിൽ പലതും അവാ‌‌‌ർഡ് സിനിമകൾ പ്രദർശിപ്പിച്ചിരുന്നത് ശുഭ തിയേറ്ററിലായിരുന്നു. മറ്റ് തിയേറ്ററുകൾ പൊളിച്ച് പകരം ബിസിനസിനായി കെട്ടിടങ്ങൾ നി‌‌ർമ്മിച്ചെങ്കിലും ടി.ബി ജംഗ്ഷനിലെ ശുഭ തിയേറ്റ‌ർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വ‌ർഷം മുൻപുവരെ ഇവിടെ സിനിമ പ്രദർശിപ്പിച്ചിരുന്നു. കാഴ്ചക്കാരുടെ കുറവ് കാരണം ആദ്യം ഷോയുടെ എണ്ണം കുറച്ചു.പിന്നീട് തിയേറ്റ‌‌ർ പൂട്ടി.

സിനിമാപ്രേമികളുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ നഗരസഭാകൗൺസിൽ നെയ്യാറ്റിൻകര ടി.ബി.ജംഗ്ഷനിലെ സ്റ്റേഡിയത്തിൽ ജെ.സി. ഡാനിയേൽ ഓപ്പൺ എയർ തിയേറ്റ‌ർ ആരംഭിച്ചെങ്കിലും സിനിമൾ പ്രദ‌ർശിപ്പിക്കുന്നില്ല. 2026-27ലെ വാ‌ർഷിക ബഡ്ജറ്റിൽ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോ‌‌ർപ്പറേഷന്റേയും സഹകരണത്തോടെ നഗരസഭയുടെ ആറാലുമ്മൂട് കാലിച്ചന്തയിലെ ഒരേക്കർ സ്ഥലത്ത് മൾട്ടി ലെവൽ തിയേറ്റർ സമുച്ഛയം നി‌‌ർമ്മിക്കാനായി പദ്ധതിയുണ്ട്.