ആലപ്പുഴ മെഡി.കോളേജ് : മെഡിക്കൽ ബോർഡ് കൂടുന്നില്ല,​ രോഗികൾ ദുരിതത്തിൽ

Monday 09 March 2026 7:52 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ബോർഡിന്റെ പ്രവർത്തനങ്ങൾ താറുമാറായിട്ട് ഒരു മാസം. അംഗപരിമിതരും വാഹനാപകടത്തിൽപ്പെട്ടവരുമായ നിരവധി പേരാണ് മെഡിക്കൽ ബോർഡിന്റെ പരിശോധന കാത്തുകഴിയുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഡിസ് ഏബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ തീരുമാനം വേണം.

വാഹനാപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം കണക്കാക്കാനും ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്കായി ദിവസേന 30 ഓളം പേർ ആശുപത്രിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. വീൽചെയറിലും സ്ട്രെക്ച്ചറിലും ആംബുലൻസുകളിലുമാണ് പലരും വിദഗ്ദ്ധ പരിശോധനക്കായി എത്തുന്നത്. ബോർഡ് കൂടാത്തതിനാൽ ഇവരെ അടുത്ത ഡേറ്റു നൽകി തിരികെ വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

മുതലാണ് ബോർഡ് കൂടാതായത്. പിന്നീട് ഇതുവരെ പൂർവ്വസ്ഥിതിയിലായിട്ടില്ല.

പല മെഡിക്കൽ കോളേജിലെയും എച്ച്.ഒ.ഡിമാരാണ് മെഡിക്കൽ ബോർഡിലുള്ളത്.

നിരവധി രോഗികൾ പുതിയ ഡേറ്റുമായി കാത്തിരിക്കുന്നത് കാരണം മെഡിക്കൽ ബോർഡ് ഉടൻ പുനരാരംഭിച്ചാലും രോഗികളുടെ നിര നീണ്ടതായിരിക്കും.

ബോർഡ് രണ്ടാം നിലയിൽ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് കൂടുന്നത്

ജെ.ബ്ലോക്കിൽ രണ്ടാം നിലയിലെ ഇടുങ്ങിയ സ്ഥലത്താണ്. ഇവിടെ എത്തിച്ചേരാൻ രോഗികൾക്ക് ഒരു വീൽ ചെയറും ടോളിയും മാത്രമാണുള്ളത്. വളരെ ഇടുങ്ങിയ ഇവിടെ എത്താൻ രോഗികളും കൂട്ടിരിപ്പുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

ചൊവ്വയും ബുധനും മാത്രമാണ് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് കൂടുന്നത്. ഒരു മാസമായി ബോർഡു കൂടാത്തതിനാൽ 100 കണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. സ്പെഷ്യൽ ബോർഡുകൾ രൂപീകരിച്ച് ഇവരുടെ ദുരിതം അകറ്റണം - യു.എം.കബീർ,​ പൊതുപ്രവർത്തകൻ