കൊയ്‌ത്തിന് മുമ്പേ കിഴിവ് കൊള്ളയുമായി മില്ലുകൾ

Monday 09 March 2026 8:05 AM IST

ആലപ്പുഴ: പുഞ്ചക്കൊയ്ത്ത് സജീവമാകും മുമ്പേ നെല്ല് സംഭരണത്തിൽ കള്ളക്കളിയുമായി മില്ലുകൾ. അനാവശ്യ കിഴിവ് തർക്കം കാരണം ചെറുതനയ്ക്ക് പിന്നാലെ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലും നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പുളിങ്കുന്ന് കായിപ്പുറം പവ്വത്ത് കാട് പാടത്താണ് കഴിഞ്ഞ കൊയ്‌ത 17 ക്വിന്റലോളം നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്.ശനിയാഴ്ച പാടത്തെത്തിയ മില്ലുകാർ 5 കിലോഗ്രാം വീതം കിഴിവ് ആവശ്യപ്പെടുകയും കർഷകർ വിസമ്മതിക്കുകയും ചെയ്തതാണ് നെല്ല് സംഭരണം അവതാളത്തിലാക്കിയത്.ഒരാഴ്ച മുമ്പ് കൊയ്ത എടത്വ കൃഷിഭവൻ പരിധിയിലെ പട്ടത്താനം, വരമ്പിനകം പാടങ്ങളിലും ക്വിന്റലുകണക്കിന് നെല്ല് പാടത്ത് മൂടിയിട്ടിരിക്കുകയാണ്. കർഷകരുടെ പരാതിയിൽ പാഡി പേയ് മെന്റ് ഓഫീസർമാർ ഇടപെട്ടെങ്കിലും ഗുണനിലവാര പരിശോധനയ്ക്കുള്ള 24 മണിക്കൂർ സമയപരിധി അവസാനിച്ചതിനാൽ പട്ടത്താനം, വരമ്പിനകം പാടങ്ങളിലെ സംഭരണം അനിശ്ചിതത്വത്തിലാണ്.പവ്വത്ത് കാട് പാടത്ത് സംഭരണം നടക്കാത്ത സാഹചര്യത്തിൽ ഇന്ന് ഗുണനിലവാര പരിശോധനയിലൂടെ പ്രശ്നം പരിഹരിക്കാനാണ് പാഡി ഓഫീസിന്റെ ശ്രമം. കഴിഞ്ഞ മാസം 28ന് കൊയ്ത്ത് ആരംഭിച്ച തേവേരി തണ്ടപ്ര 400 ഏക്കർ പാടത്ത് മില്ലുകാരുടെ നിസഹകരണം കാരണം ദിവസങ്ങളോളം കെട്ടിക്കിടന്ന നെല്ല്, കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസമാണ് സംഭരിക്കാൻ തയ്യാറായത്.

നെല്ല് സംഭരണം അവതാളത്തിൽ

1.നെല്ല് സംഭരണ നയത്തിൽ ഔട്ട് ടേൺ റേഷ്യോ കുടിശികയായി 64 കോടി അനുവദിക്കുകയും ഒന്നാം വിളിലേതുപോലെ അരിയുടെ അനുപാതം 66.5 കിലോഗ്രാമാക്കി തീരുമാനിക്കുകയും ചെയ്തിട്ടും അനാവശ്യകിഴിവ് ഈടാക്കാൻ നടത്തുന്ന ശ്രമമാണ് പ്രതിഷേധത്തിനിടയാക്കുന്നത്

2.മില്ലുകാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചെങ്കിലും വളരെ കുറച്ച് മില്ലുകൾ മാത്രമാണ് ഇത്തവണ സംഭരണത്തിന് സന്നദ്ധരായത്. തുടക്കത്തിലേയുള്ള മില്ലുകാരുടെ ഈ വെല്ലുവിളി, കൂടുതൽ വിളവ് പ്രതീക്ഷിക്കുന്ന കായൽ നിലങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയാണ്

3.നിലവിലെ വിളവെടുപ്പ് ടൈംടേബിൾ പ്രകാരം അയ്യനാട്, ശ്രീമൂല മംഗലം,മഠത്തിൽകായൽ താഴ്ച, മഠത്തിൽ കായൽ പൊക്കം, ആറായിരം, പുത്തനാറായിരം പാടങ്ങളുമുൾപ്പെടെ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ 5,500 ഏക്കറോളം സ്ഥലത്തെ കൊയ്ത്താണ് ഈ ആഴ്ച കൊയ്ത്ത് നടക്കേണ്ടത്

4. മികച്ച വിളവുള്ള ഈ പാടങ്ങളിലും സംഭരണം തടസപ്പെട്ടാൽ അത് കർഷകരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കും.ആദ്യം നെല്ല് കൈമാറുന്ന കർഷകർക്ക് അപ്പോൾതന്നെ പണം അക്കൗണ്ടുകളിലെത്തുമെന്നിരിക്കെ മില്ലുകാരുടെ നിസഹകരണം കർഷകരെ ശരിക്കും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

ചെറുതനയിൽ ഒരാഴ്ചപാടത്ത് കിടന്ന നെല്ല് കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ് സംഭരിച്ചത്. പുളിങ്കുന്ന് കൃഷി ഭവൻ പരിധിയിലും ഇതേ നിലപാടാണ് മില്ലുകാരുടേത്. ശക്തമായ നടപടി സ്വീകരിക്കാൻ പാഡി പേയ്മെന്റ് ഓഫീസും കൃഷി വകുപ്പും തയ്യാറാകണം

- ലാലിച്ചൻ ,കർഷകൻ