സി.പി.ഐയിൽ രണ്ട് സിറ്റിംഗ് എം.എൽ.എമാർ പുറത്ത്, ലിസ്റ്റിൽ ഡബിൾ ട്വിസ്റ്റ് ആലങ്കോട്, ഗീത ഗോപി

Monday 09 March 2026 12:20 AM IST

  • ഒഴിവാക്കിയത് ബാലചന്ദ്രനെയും സി.സി.മുകുന്ദനെയും

തൃശൂർ: സിറ്റിംഗ് എം.എൽ.എ പി.ബാലചന്ദ്രനെയും സി.സി.മുകുന്ദനെയും ഒഴിവാക്കി സി.പി.ഐ ലിസ്റ്റിൽ ഡബിൾ ട്വിസ്റ്റ്. തൃശൂരിൽ കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർത്ഥിയാകും. നാട്ടികയിൽ മുൻ എം.എൽ.എ ഗീത ഗോപിയെ മത്സരിപ്പിക്കും. പി.ബാലചന്ദ്രനും സി.സി.മുകുന്ദനുമെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും മാറ്റിയത്. പൊന്നാനി സ്വദേശിയാണ് ആലങ്കോട് ലീലാകൃഷ്ണൻ. ഒല്ലൂരിൽ കെ.രാജൻ, കൊടുങ്ങല്ലൂരിൽ വി.ആർ.സുനിൽ കുമാർ എന്നിവർക്ക് മൂന്നാംതവണയും അവസരം നൽകി. ഇ.ടി.ടൈസണെ കയ്പമംഗലത്ത് നിന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂരിലേക്ക് മാറ്റി. കയ്പമംഗലത്ത് സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ കെ.കെ.വത്സരാജ് മത്സരിക്കും.

സജീവമില്ലായ്മയും തർക്കങ്ങളും

മണ്ഡലത്തിൽ സജീവമല്ലാതിരുന്നതാണ് പി.ബാലചന്ദ്രന് വിനയായതെങ്കിൽ സി.സി.മുകുന്ദന് തിരിച്ചടിയായത് പാർട്ടിയുമായുണ്ടായ തർക്കങ്ങളും അകൽച്ചയുമാണ്. രണ്ട് തവണ നാട്ടികയെ പ്രതിനിധീകരിച്ച ഗീത ഗോപി വീണ്ടും തിരിച്ചെത്തി. ഗീത ഗോപിക്കായി പാർട്ടിക്കുള്ളിൽ ശക്തമായ വാദവും ഉയർന്നിരുന്നു. കൂടാതെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കവും അനുകൂലമായി. സി.സി.മുകുന്ദൻ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ, ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ ആയിരത്തിൽ താഴെ വോട്ടിനായിരുന്നു ബാലചന്ദ്രന്റെ വിജയം.