ട്രെയിനിൽ മോഷണം: പ്രതി അറസ്റ്റിൽ
കൊച്ചി: മാവേലി എക്സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽഫോൺ കവർന്നയാളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ക്കാണ് (25) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫോൺ സഹിതം പിടിയിലായത്.
മലപ്പുറം മേലത്തൂർ പാലത്തിങ്കൽവീട്ടിൽ ഫസൽ റഹ്മാന്റെ (23) ഫോണാണ് കവർന്നത്. ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിൽ കയറുമ്പോഴാണ് മൊബൈൽ കവർന്നത്. ഇതേ ട്രെയിനിൽ കയറിയ പ്രതി സൗത്ത് സ്റ്റേഷനിൽ ഇറങ്ങി. ഫോൺ മോഷണം പോയതായി ഫസൽ ആർ.പി.എഫിനെ അറിയിച്ചിരുന്നു. ആർ.പി.എഫ് സൗത്ത് സി.ഐ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ സൗത്ത് സ്റ്റേഷനിൽ നടത്തിയ തെരച്ചലിൽ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആലുവയിലും പരിസരത്തും കറങ്ങിനടന്ന് ട്രെയിനുകളിൽ മോഷണം നടത്തുകയാണ് പതിവ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.