മോദിയുമായി ബോളിവുഡ് താരങ്ങളുടെ കൂടിക്കാഴ്ച പുതിയ കാലത്തിന് രണ്ടാം ഗാന്ധി വേണമെന്ന് ഷാരൂഖ് ഖാൻ
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളും സംവിധായകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ ഇന്ത്യയിലും ലോകത്തിലും മഹാത്മാഗാന്ധി വീണ്ടും അവതരിക്കേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കിടെ നടൻ ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടു.
ശുചിത്വം പാലിക്കണമെന്ന് നമുക്കെല്ലാവർക്കുമറിയാം. എന്നാൽ സ്വച്ഛ് അഭിയാനിലൂടെ പ്രധാനമന്ത്രി അത് പുനരവതരിപ്പിച്ചു. ലോകത്തിനു മുൻപിൽ ഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മാറുന്ന ലോകത്തിനു ഒരു ഗാന്ധി 2.0 ആവശ്യമുണ്ട്. ഇത്തരമൊരു കാര്യത്തിനായി ഞങ്ങളെയെല്ലാവരെയും വിളിച്ചു ചേർത്തതിനു പ്രധാനമന്ത്രിയോടുു നന്ദി പറയുന്നു. സിനിമ എന്നതു ബിസിനസു മാത്രമല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കും- ഷാരൂഖ് ഖാൻ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അതിശയകരവും പ്രചോദനപരവുമായിരുന്നെന്ന് നടൻ ആമിർ ഖാനും വ്യക്തമാക്കി. സോനം കപൂർ, കങ്കണാ റനൗട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, ഏക്താ കപൂർ, അനുരാഗ് ബസു, ബോണി കപൂർ, ഇംതിയാസ് അലി അടക്കമുള്ള ബോളിവുഡിലെ പ്രമുഖരും പരുപാടിയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം താരങ്ങൾ ഗാന്ധി വാക്യങ്ങൾ പറയുന്നതിന്റെ ഒന്നേമുക്കാൽ മിനിട്ടു ദൈർഘ്യമുള്ള വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.