ബംഗളൂരുവിൽ നിന്ന് ലഹരി കടത്ത്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Monday 09 March 2026 12:32 AM IST

കൊച്ചി: വിദ്യാർത്ഥിയെന്ന വ്യാജേന കൊച്ചിയിൽ തങ്ങി ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കൽക്കുളം കുളച്ചൽ സലാത്ത്നഗർ വാണിയക്കുടി 5/98 ബി യിൽ സഹായ അജീഷിനെയാണ് (21) എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കടത്തിയ 6.122 ഗ്രാം എം.ഡി.എം.എ, 11 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.

എറണാകുളം സെന്റ് ബെനഡിക്ട് ജംഗ്ഷൻ പ്രൊവിഡൻസ് റോഡിന് സമീപം അപ്പാർട്ട്മെന്റിലായിരുന്നു താമസം. ബംഗളൂരുവിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എയുമായി പുറപ്പെട്ട് തൃശൂർ ചാവക്കാട് ഭാഗത്ത് 30 ഗ്രാം കൈമാറിയ ശേഷം എറണാകുളത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കൊപ്പം മറ്റ് വിദ്യാർത്ഥികളും താമസമുണ്ട്.

മൊബൈൽ ഫോണിൽ ഗൂഗിൾ പേ വഴിയാണ് സാമ്പത്തിക ഇടപാടുകൾ. ഫോൺ കണ്ടെടുക്കാൻ സാധിച്ചില്ല. കൊച്ചിയിലെ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും എക്സൈസ് സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജി. അമൽദേവ്, ജിബിനാസ്, വി.എച്ച്, പ്രവീൺകുമാർ, അഷ്കർ സാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.