ചാരുദത്തിന് ചിത്രകല സന്തോഷത്തിന്റെ മരുന്ന്

Monday 09 March 2026 12:37 AM IST

ഒല്ലൂർ: മരുന്നു വിൽപ്പനയാണ് ചാരുദത്തിന്. ഫാർമ കമ്പനിയിലെ സെയിൽസ് മാനേജർ. പക്ഷേ സന്തോഷത്തിന്റെ മരുന്ന് ചാരുദത്തിന് ചാരുതയുള്ള ചിത്രങ്ങളാണ്. നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിൽ താമസിക്കുന്ന ചാരുദത്ത് ചന്ദ്രൻ (42) അത്രയേറെ ചിത്രകലയെ സ്‌നേഹിക്കുന്നു.

തൃശൂർ നഗരത്തിലെ പ്രധാനപെട്ട സ്ഥലങ്ങളെല്ലാം പെൻസിൽ കൊണ്ട് ചിത്രങ്ങളായി വരച്ചിട്ടുണ്ട്. വടക്കുനാഥൻ ക്ഷേത്രവും പുത്തൻപള്ളിയും അഞ്ചു വിളക്കും സാഹിത്യ അക്കാഡമിയും റെയിൽവേ സ്റ്റേഷനുമെല്ലാം അതിശയിപ്പിക്കുന്ന ചിത്രങ്ങളായി വിരിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ പുസ്തകങ്ങൾക്ക് കവർ ഡിസൈനും ചെയ്തിട്ടുണ്ട്. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇരവാൻ, ഇടിമിന്നൽ പേമാരി എന്നീ പുസ്തകങ്ങൾ അവയിൽപെടും. റിയലിസ്റ്റിക്ക് ചിത്രങ്ങളും അബ്‌സ്ട്രാക്ട് ചിത്രങ്ങളും വഴങ്ങും.

ലളിതകലാ അക്കാഡമിയിലും ചേർപ്പ് സി.എൻ.എൻ സ്‌കൂളിലും സംഘടിപ്പിച്ച രണ്ട് ഗ്രൂപ്പ് ചിത്രപ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്. ചിത്രകലാ രംഗത്ത് അക്കാഡമിക് പരിശീലനം നേടിയിട്ടില്ല. അഭിരുചി കൊണ്ട് ചിത്രകലയിലേക്ക് ഇറങ്ങുകയായിരുന്നു. സർവകലാശാല കലോത്സവ മത്സരങ്ങളിലും പുരസ്‌കാരം ഏറ്റുവാങ്ങി. ആസ്വാദകരിലേക്ക് തന്റെ ചിത്രങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാരൻ. ഐശ്വര്യയാണ് ഭാര്യ. നാലു വയസുകാരൻ ഗൗതം മകനാണ്.