മിഴിയടച്ച് തെരുവ്‌വിളക്കുകൾ കല്ലമ്പലം ജംഗ്ഷൻ ഇരുട്ടിൽ

Monday 09 March 2026 1:48 AM IST

കല്ലമ്പലം: കല്ലമ്പലം ജംഗ്ഷൻ ഇരുട്ടിലായിട്ട് മൂന്ന് വർഷം പിന്നിടുന്നു. വിളക്കുകൾ കത്തിക്കാൻ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജംഗ്ഷനിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റും നിരവധി തെരുവ് വിളക്കുകളും ഉണ്ടായിരുന്നു. ഒരു ഹൈമാസ്റ്റ് ലൈറ്റ് കത്താതാകുകയും മറ്റൊന്ന് വാഹനമിടിച്ച് തകരുകയും ചെയ്തു.വാഹനമിടിച്ച് തകർന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ 10മീറ്ററോളം നീളമുള്ള ഇരുമ്പ് തൂണ് ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.ദേശീയപാത നിർമ്മാണത്തിൽ അവശേഷിച്ച ലൈറ്റുകൾ കൂടി ഇളക്കിമാറ്റി.ഇതോടെ കല്ലമ്പലം പൂർണ്ണമായും ഇരുട്ടിലായി.തെരുവുനായ്ക്കളും കാട്ടുപന്നിയും രാത്രി യഥേഷ്ട‌ം സഞ്ചരിക്കുന്ന കല്ലമ്പലം ജംഗ്ഷനിൽ ഇരുട്ടുകാരണം രാത്രിയാത്ര ഭീഷണിയിലാണ്. കടകൾ അടച്ചാൽ കൂരിരുട്ടാണ്.ദൂരെ സ്ഥലങ്ങളിൽ ജോലിക്കും വിദ്യാഭ്യാസത്തിനും പുലർച്ചെ കല്ലമ്പലത്ത് നിന്ന് പോവുകയും വൈകി തിരിച്ചെത്തുകയും ചെയ്യുന്ന സ്ത്രീകൾ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.ഇവർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളും നിരവധിയാണ്.

അപകടങ്ങൾ തുട‌ർക്കഥ

ഇരുട്ടുകാരണം ജംഗ്ഷൻ തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുകയറിയുള്ള അപകടങ്ങളും പതിവാണ്.ആറ്റുകാൽ പൊങ്കാലയ്ക്ക് രാത്രിയിൽ പോവുകയും തിരികെ വരികയും ചെയ്ത നാലോളം വാഹനങ്ങൾ ഇരുട്ടിൽ ഡിവൈഡറിൽ ഇടിച്ചുകയറിയെങ്കിലും ആളപായം ഉണ്ടായില്ല.

അധികൃതരുടെ പിടിവാശിയോ

റോഡ്‌ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥലത്തെ ഓട നിർമ്മാണം പൂർത്തിയായതിനാൽ ലൈറ്റ് സ്ഥാപിക്കാനുള്ള സ്ഥലവും സൗകര്യവും ഉണ്ടെങ്കിലും ലൈറ്റ് സ്ഥാപിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും അത് കഴിഞ്ഞാൽ മാത്രമേ ലൈറ്റ് സ്ഥാപിക്കാൻ കഴിയൂവെന്നുമാണ് ദേശീയപാത വിഭാഗം അധികൃതർ നൽകുന്ന വിശദീകരണം.നാവായിക്കുളം,കരവാരം,ഒറ്റൂർ തുടങ്ങി മൂന്ന് പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതാണ് കല്ലമ്പലം ജംഗ്ഷൻ. എന്നിട്ടും താത്കാലികമായെങ്കിലും ലൈറ്റുകൾ സ്ഥാപിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് വിവിധ സംഘടനകൾ ആരോപിക്കുന്നത്.