രാജിയുടെ കാരണം ഉചിതമായ സമയത്ത് പറയും: സി.വി. ആനന്ദബോസ്

Monday 09 March 2026 12:53 AM IST

ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ പദവിയിൽ നിന്ന് രാജിവച്ചതിന്റെ കാരണം ഉചിതമായ സമയത്ത് പറയുമെന്ന് ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ഇന്നലെ കൊൽക്കത്ത വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോധപൂ‌ർവമെടുത്ത തീരുമാനമാണ്. അതിന്റെ കാരണം തത്കാലം രഹസ്യമായി സൂക്ഷിക്കും. ഗവർണറായപ്പോൾ തന്നെ അറിയാമായിരുന്നു ആ പദവിയിൽ നിന്ന് പുറത്തുപോകാനും ഒരുസമയമുണ്ടെന്ന്. ഏതു കളിയിലും എൻട്രിയും എക്‌സിറ്റുമുണ്ട്. 1200ൽപ്പരം ദിവസങ്ങൾ ഗവർണറായി പ്രവർത്തിച്ചു. ക്രിക്കറ്റുമായി കൂട്ടിക്കെട്ടി പറഞ്ഞാൽ 12 സെഞ്ച്വറി. അതു പര്യാപ്‌തമാണ്. രാജിവയ്‌ക്കാൻ ഉചിതമായ സമയമായിരുന്നുവെന്ന് ചിന്തിച്ചു. എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ അവസരം കിട്ടിയപ്പോൾ രാജിവയ്‌ക്കാനാണ് തീരുമാനിച്ചത്. ബംഗാളിലാണ് വോട്ട്. നിയമസഭാ തിരഞ്ഞടുപ്പിൽ അവിടെ വോട്ട് ചെയ്യുമെന്നും ആനന്ദബോസ് കൂട്ടിച്ചേർത്തു.