കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Monday 09 March 2026 12:02 AM IST

ചേർത്തല: കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുളിത്തറ വീട്ടിൽ പരേതനായ ജോർജ്ജിന്റെയും ഗ്രേസിക്കുട്ടിയുടെയും മകൻ സോണിയാണ് (27) മരിച്ചത്. അയൽ വീട്ടിലെ കുളത്തിൽ മീൻ പിടിക്കുന്നതിനായി വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോറിൽ നിന്ന് വൈദ്യുതാഘാതം ഏറ്റെന്നാണ് പ്രാഥമിക വിവരം. കുളത്തിൽ നിന്ന് കരകയറിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിില്ല. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മൃതദേഹം അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിക്കും. സഹോദരി: മോനി ജോർജ്ജ്‌.