“വിദ്വേഷം കൊണ്ട് അന്ധരായവരാണവർ’’; അഭിജിത്ത് ബാനർജിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

Monday 21 October 2019 12:46 AM IST

ന്യൂഡൽഹി: നൊബേൽ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനർജിയെ അനുകൂലിച്ചും പ്രശംസിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിമർശകരോട് പോയി പണി നോക്കാൻ പറയൂ എന്നാണ് അഭിജിത് ബാനർജിക്ക് രാഹുൽ ഗാന്ധി നൽകിയ ഉപദേശം. 'അഭിജിത് ബാനർജി, താങ്കളുടെ നേട്ടത്തിൽ കോടിക്കണക്കിനു ഇന്ത്യക്കാർ അഭിമാനിക്കുന്നു.'– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 'പ്രിയപ്പെട്ട ബാനർജീ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അന്ധത ബാധിച്ചിരിക്കുന്ന ഈ മതഭ്രാന്തന്മാർക്ക് പ്രഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. ഒരു ദശകമെടുത്താലും താങ്കൾക്ക് ഇക്കാര്യം അവരെ പഠിപ്പിക്കാനുമാകില്ല. ഒരു കാര്യം മാത്രം മനസിലുണ്ടായാൽ മതി, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ജനത അങ്ങയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു'. രാഹുൽ ഗാന്ധി പ്രതികരിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് മുന്നോട്ടുവച്ച ന്യായ് പദ്ധതിക്ക് വിദഗ്ദ്ധ ഉപദേശം നൽകിയ ബാനർജിയെ വിമർശിച്ചു കൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്തെത്തിയിരുന്നു. തന്റെ പ്രഫഷണലിസത്തെ പീയുഷ് ഗോയൽ ചോദ്യം ചെയ്തതായും അഭിജിത് ബാനർജി ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയും അഭിജിത്തിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.