ഓപ്പറേഷൻ സിന്ദൂറിലും ചൈന അതിർത്തിയിലും ഇന്ത്യയ്‌ക്ക് തുണയായവ, അമേരിക്കയ്‌ക്ക് നേരെ ഇറാൻ പ്രയോഗിക്കുന്നതും ഇതേ ആയുധം
ഇസ്രയേലിനും അമേരിക്കയുടെ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ സൈനിക ആക്രമണം തുടരുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അറബ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യാൻ പ്രസ്‌താവന നടത്തിയ ശേഷവും ആക്രമണങ്ങൾക്ക് കുറവില്ല. ആണവായുധങ്ങൾ കൈവശമുള്ള അമേരിക്കയ്‌ക്കും ലോകത്തിലെ മികച്ച ആയുധശേഖരമുള്ള ഇസ്രയേലിനും ഇറാനെ നിലയ്‌ക്ക് നിർത്താൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്.
ഇതിന് പ്രധാന കാരണം അവരുടെ ഡ്രോൺ, മിസൈൽ ശേഖരമാണ്. പശ്ചിമേഷ്യ ഭാഗത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന മിസൈലുകൾ നിർമ്മിച്ച രാജ്യമാണ് ഇറാൻ. വർഷം 6000ത്തോളം മിസൈലുകൾ ഇവർ നിർമ്മിക്കുന്നുണ്ട്. ഇതോടൊപ്പം ഒറ്റതവണ ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ നിർമ്മാണത്തിലും ഇവർ വൈവിദ്ധ്യം പുലർത്തുന്നുണ്ട്. ഇറാന്റെ ഷഹീദ് ഡ്രോണുകൾ അമേരിക്കയ്‌ക്ക് വരുത്തിവയ്‌ക്കുന്ന സാമ്പത്തിക നഷ്‌ടം ഭീമമാണ്.
ഷഹീദ് ഡ്രോണുകളുടെ നിർമ്മാണ ചെലവ് 30000 ഡോളർ മുതൽ 50000 ഡോളർ വരെയാണ് (ഏകദേശം 27 ലക്ഷം മുതൽ 46 ലക്ഷം വരെ). എന്നാൽ ഇവയെ പ്രതിരോധിക്കുന്ന അമേരിക്കൻ സംവിധാനങ്ങൾക്ക്, കോടികളാണ് വില. ഇറാന്റെ പാട്രിയോറ്റ് മിസൈലിന് 4 മില്യൺ (ഏകദേശം 36 കോടിരൂപ) ആണ് വില. ഇതിന്റെ പ്രതിരോധത്തിന് അമേരിക്കയ്‌ക്ക് ചെലവാകുന്നത് നാലിരട്ടി പണമാണ്.
ഇറാന്റെ ഷഹീദ് ഡ്രോൺ പോലെ കുറഞ്ഞ ചെലവിൽ വലിയ പ്രഹരശേഷിയുള്ള ഡ്രോണുകൾ ധാരാളമായി ഇന്ത്യയും സ്വന്തമാകുകയാണ്. ബംഗളൂരു അടിസ്ഥാനമായുള്ള ന്യൂ സ്‌പേസ്‌റിസർച്ച് ആൻഡ് ടെക്‌നോളജീസ് (എൻആർടി) ഡിസൈൻ ചെയ്‌ത ദീർഘദൂര സൂയിസൈഡ് ഡ്രോണാണ് ശേഷ്‌നാഗ്-150. നോയിഡ ആസ്ഥാനമായുള്ള ഐജി ഡിഫെൻസിന്റെ പ്രോജക്‌ട് കെഎഎൽ ഇത്തരത്തിലുള്ള മറ്റൊരു ഡ്രോൺ ആണ്.
രാജ്യത്തെ പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനികളിൽ നിന്നും ഡിആർഡിഒയിൽ നിന്നും നിരവധി ചെറുതും തന്ത്രപരവുമായ ഡ്രോണുകൾ ഇന്ത്യ തയ്യാറാക്കി ഉപയോഗിക്കുന്നുണ്ട്. ഇവ നിരീക്ഷണത്തിനും യുദ്ധത്തിനുമടക്കം ഉപയോഗിക്കാവുന്നവയാണ്. അൽപംകൂടി വലിപ്പമുള്ള മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡ്യുറൻസ് (മെയിൽ), ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡ്യൂറൻസ് (ഹെയ്‌ൽ) ആളില്ലാ ഡ്രോണുകൾ എന്നിവയും ഇന്ത്യക്കായി തയ്യാറാകുന്നുമുണ്ട്.
കൃത്യമായി ലക്ഷ്യസ്ഥാനം തകർക്കുന്നതിനായി ഇന്ത്യൻ സൈന്യം ചില ഡ്രോണുകൾ തയ്യാറാക്കിയിട്ടുണ്ട്. സോളാർ ഇൻഡസ്‌ട്രീസ് തയ്യാറാക്കിയ നാഗാസ്‌ത്ര-1 അത്തരത്തിലൊന്നാണ്. 2024 മുതൽ ഇവ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ നാശനഷ്‌ടമേ ഇവ ഉണ്ടാക്കുകയുള്ളൂ എന്നാൽ ആക്രമണം കൃത്യമായിരിക്കും.
ബംഗളൂരു ആസ്ഥാനമായ ആൽഫ ഡിസൈൻ (എഡിറ്റിഎൽ) ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റവുമായി സഹകരിച്ച് സ്കൈസ്‌ട്രൈക്കർ എന്ന സൂയിസൈഡ് ഡ്രോണുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ജമ്മു കാശ്‌മീരിലെ പ്രയാസകരമായ ഭൂപ്രകൃതിയിൽ ഇവ കൃത്യമായി ഉപയോഗപ്പെട്ടു.
പ്രോജക്‌ട് കെഎഎൽ 1000 കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണാണ്. മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ ഇവ പ്രവർത്തിക്കും. ഇതിനിടെ ശക്തമായ സ്ഫോടകവസ്‌തുക്കളെ വഹിക്കാനും ലക്ഷ്യ സ്ഥാനം കണ്ടെത്താനും സഞ്ചാരപഥം മാറ്റാനുമൊക്കെ കെഎഎല്ലിന് കഴിയും.
അതേസമയം ശേഷനാഗ്-150 എന്ന ഡ്രോണിന് പുരാണത്തിലെ അനന്തൻ എന്ന നാഗരാജാവിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഒരു കുറഞ്ഞ മുതൽമുടക്കുള്ള
ലോംഗ് റേഞ്ച് ഡ്രോണാണിത്. 25 മുതൽ 40 കിലോ വരെ യുദ്ധസാമഗ്രി വഹിക്കാനാകും. ആയിരം കിലോമീറ്ററിലധികം റേഞ്ചുണ്ട്. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഇവ ജിപിഎസ് ഇല്ലാത്തയിടത്തും പ്രവർത്തിക്കും. ഒരു ടൊയോട്ട ഹൈലക്‌സിൽ നിന്നാണ് ഇവ ലോഞ്ച് ചെയ്‌തത്. അപ്പോൾ എത്രത്തോളം ലളിതവും ശക്തവുമാണ് ഇവ എന്ന് മനസിലാക്കാൻ സാധിക്കും. ശേഷ്‌നാഗിന് ഹ്രസ്വദൂര പതിപ്പുകളുമുണ്ട്. എസ്‌എൻ-20 ഇരുപത് കിലോമീറ്റർ ദൂരം വരെയും എസ്‌എൻ-50 അൻപത് കിലോമീറ്റർ ദൂരംവരെയും ഉപയോഗിക്കാവുന്നവയാണ്.
ഇവയ്‌ക്ക് പുറമേ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റുചില ലഘുഡ്രോണുകളും ഇന്ത്യയിൽ ഉടൻ തയ്യാറാകും. ചൈനയുമായി അതിർത്തി പങ്കിടുന്ന അത്യുന്നതമായ മലനിരകളിൽ ഇവയുടെ ഉപയോഗം വളരെ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. കൃത്യവും വ്യക്തവുമായ നിരീക്ഷണങ്ങൾക്കും ആക്രമണങ്ങൾക്കും വേണ്ടിയുള്ള ഡ്രോണുകളാണിവ.
ഇറാന്റെ ഡ്രോണുകളുടെ വിജയം മറ്റുരാജ്യങ്ങളിൽ പ്രകടമാണ്. റഷ്യ-യുക്രെയ്ൻ പോരാട്ടത്തിൽ റഷ്യ ഷഹീദ് ഡ്രോണുകളെ ഡെറാൻ-2 എന്ന പേരിൽ റീബ്രാൻഡ് ചെയ്‌ത് ഉപയോഗിച്ചു.യുക്രെയിന് മിസൈൽ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾക്കായി ശതകോടികളാണ് ചെലവാക്കേണ്ടി വന്നത്. ലളിതമായ ഡിസൈനും എന്നാൽ 2500 കിലോമീറ്റർ റേഞ്ചും 50 കിലോ വരെ പേലോഡ് വഹിക്കാൻ ശേഷിയുമുള്ള ഷഹീദിനെ വിവിധ രാജ്യങ്ങൾ ഇഷ്‌ടപ്പെടുന്നത് വെറുതെയല്ല. അമേരിക്ക പോലും സമാനമായൊരു ഡ്രോൺ തയ്യാറാക്കിയിട്ടുണ്ട്. ലൂകാസ് ഡ്രോണുകൾ എന്നാണ് ഇവയുടെ പേര്. ഇവയെയാണ് ഇറാനെതിരെ പിടിച്ചുനിൽക്കാൻ ഇപ്പോൾ അമേരിക്ക ഉപയോഗിക്കുന്നത്.
ഡ്രോൺ ഉപയോഗിച്ചുള്ള യുദ്ധങ്ങൾ ലോകത്ത് വളരെവേഗം വികസിക്കുമ്പോൾ ഇത്തരം ഡ്രോണുകളിൽ പരമാവധി റേഞ്ചുള്ളവ അതിവേഗം ഇന്ത്യയും സ്വന്തമാക്കണം എന്നുതന്നെയാണ് ലോകത്തെ ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. വരുംനാളുകളിൽ യുദ്ധം എഐയും ഡ്രോണുകളും മുന്നിൽനിൽക്കുന്നവ തന്നെയാകും.