സ്ത്രീ സ്വാതന്ത്ര്യത്തിന് പുതിയ ദിശാബോധം പ്രകൃതിയുമായി ചേർന്നൊരു ഫെമിനിസം

Monday 09 March 2026 7:51 PM IST

മാർച്ച് 8,​ ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ ഈ ദിവസത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഇന്നത്തെ ലോകസാഹചര്യത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരു പുതിയ ദിശയിലേക്ക് നീങ്ങേണ്ടതുണ്ട്. സ്ത്രീയുടെ വിമോചനം എന്നത് സാമൂഹിക അവകാശങ്ങളുടെ പട്ടികയിൽ ചില നേട്ടങ്ങൾ നേടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പുതുതായി തിരിച്ചറിയുന്ന ഒരു സാംസ്കാരിക ദർശനമായി മാറേണ്ടതാണ്.

ഇതിലേക്കാണ് ഇക്കോളജിക്കൽ ഫെമിനിസം എന്ന ആശയം നമ്മെ നയിക്കുന്നത്. 1974 ൽ ഫ്രഞ്ച് ചിന്തകയായ Françoise d'Eaubonne അവതരിപ്പിച്ച ഈ ആശയം ഒരു പ്രധാന സത്യം ചൂണ്ടിക്കാണിക്കുന്നതാണ്. സ്ത്രീകളുടെ അടിച്ചമർത്തലും പ്രകൃതിയുടെ ചൂഷണവും ഒരേ മാനസികതയുടെ ഫലങ്ങളാണ്. ഉപഭോഗവാദവും അധികാരകേന്ദ്രിതവുമായ സംസ്കാരവും ചേർന്നപ്പോൾ ഭൂമിയേയും സ്ത്രീയെയും ഒരുപോലെ ഉപയോഗിക്കാവുന്ന വസ്തുവായി കാണുന്ന മനോഭാവമാണ് വളർന്നത്. അതിനാൽ സ്ത്രീയുടെ സ്വാതന്ത്ര്യം പ്രകൃതിയുടെ സംരക്ഷണവുമായി ബന്ധിപ്പിക്കാതെ പൂർണമാകില്ല.

ഇതേ ആശയത്തെ കൂടുതൽ തത്ത്വചിന്താത്മകമായി വികസിപ്പിച്ച ചിന്തയാണ് ‌ഡീപ് ഇക്കോളജി. ഈ ആശയം അവതരിപ്പിച്ച Arne Næss പറയുന്നത് മനുഷ്യൻ പ്രകൃതിയുടെ മേലാളൻ അല്ല എന്നതാണ്. മനുഷ്യനും മരങ്ങളും നദികളും മൃഗങ്ങളും എല്ലാം ചേർന്നാണ് ജീവന്റെ സമഗ്രത രൂപപ്പെടുന്നത്. മനുഷ്യൻ പ്രകൃതിയെ കീഴടക്കാനുള്ള അവകാശം അവകാശപ്പെടുന്നിടത്താണ് പരിസ്ഥിതി പ്രതിസന്ധികളും മനുഷ്യന്റെ ആത്മീയ പ്രതിസന്ധികളും തുടങ്ങുന്നത്. ഇവയെല്ലാം ആധുനിക ചിന്തകളായി തോന്നുന്നുവെങ്കിലും ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിൽ ഈ ദർശനം വളരെ മുമ്പേ നിലനിന്നിരുന്നു. പ്രത്യേകിച്ച് ശ്രീ നാരായണ ഗുരുവിന്റെ കൃതികളിൽ സ്ത്രീത്വത്തിന്റെ ദിവ്യതയും പ്രകൃതിയുടെ വിശുദ്ധതയും ആഴത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഗുരുവിന്റെ ദേവീസ്തോത്രങ്ങളിൽ ദേവിയെ സൃഷ്ടിയുടെ ശക്തിയായി,​ ജ്ഞാനത്തിന്റെ ഉറവയായി,​ സർവ്വജീവജാലങ്ങളെയും പോഷിപ്പിക്കുന്ന മാതാവായി അവതരിപ്പിക്കുന്നു. ഇവിടെ സ്ത്രീയെ ഒരു സാമൂഹിക വിഭാഗമായി മാത്രം കാണുന്നില്ല. സർവ്വജീവിതത്തിന്റെ അടിസ്ഥാനശക്തിയായി കാണുന്നു. സ്ത്രീയെ ശക്തിയായി കാണുന്ന ഈ ആത്മീയ ദർശനം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വത്തെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.

ഗുരുവിന്റെ ദർശനത്തിൽ ശിവനും ശക്തിയും വേർപിരിയാത്ത ഏകതയാണ്. ശക്തിയില്ലാതെ ശിവനും ശിവനില്ലാതെ ശക്തിയും പ്രവർത്തിക്കില്ല. ഈ സങ്കല്പം ഒരു മതപരമായ പ്രതീകം മാത്രമല്ല, സൃഷ്ടിയിലെ എല്ലാത്തിന്റെയും പരസ്പരബന്ധത്തെ സൂചിപ്പിക്കുന്ന ദർശനമാണ്. സ്ത്രീയും പുരുഷനും, മനുഷ്യനും പ്രകൃതിയും ഇവ പരസ്പരം മത്സരിക്കുന്ന ശക്തികൾ അല്ല, മറിച്ച് ഒരേ സൃഷ്ടിയുടെ പൂരക രൂപങ്ങളാണ്. ഇന്നത്തെ ഫെമിനിസം പലപ്പോഴും അവകാശങ്ങളുടെ ഭാഷയിൽ സംസാരിക്കുമ്പോൾ, ഈ ആത്മീയ ദർശനം അതിനെ കൂടുതൽ ആഴമുള്ള സാംസ്കാരിക ചർച്ചയിലേക്ക് നയിക്കുന്നു. സ്ത്രീയുടെ വിമോചനം എന്നത് പുരുഷനോട് മത്സരിക്കുന്ന ഒരു അധികാരസംഘർഷമല്ല, അത് മനുഷ്യസമൂഹത്തിന്റെ മൂല്യങ്ങളിൽ സംഭവിക്കേണ്ട ഒരു മാറ്റമാണ്. പ്രകൃതിയെ ആദരിക്കുകയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ജീവിതദർശനമാണ് അതിന്റെ അടിസ്ഥാനം.

ഇന്നത്തെ ലോകം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികൾ -കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ജൈവ വൈവിദ്ധ്യത്തിന്റെ നഷ്ടം- ഇവ മനുഷ്യന്റെ തെറ്റായ വികസനമാതൃകയുടെ ഫലങ്ങളാണ്. ഈ സാഹചര്യത്തിൽ സ്ത്രീയുടെ അനുഭവങ്ങളും കരുണയും സംരക്ഷണബോധവും ലോകത്തിന് പുതിയ മാർഗ്ഗദർശനമായി മാറാം. അതുകൊണ്ടുതന്നെ ഫെമിനിസം പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തോടൊപ്പം ചിന്തിക്കപ്പെടേണ്ടതാണ്. സ്ത്രീയുടെ വിമോചനം എന്നത് അധികാരത്തിന്റെ മറ്റൊരു രൂപം നേടുന്നതല്ല. അത് ജീവിതത്തെ പോഷിപ്പിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതാണ്. കരുണ, സംരക്ഷണം. സഹജീവിതം - ഇവയാണ് മനുഷ്യസമൂഹത്തിന്റെ ഭാവിയെ നിർണയിക്കുന്ന ശക്തികൾ. വനിതാദിനത്തിൽ നമുക്ക് ആവശ്യമുള്ളത് അവകാശങ്ങളുടെ ആഘോഷം മാത്രമല്ല; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമതുലിതബന്ധം പുനഃസ്ഥാപിക്കുന്ന ഒരു പുതിയ സാംസ്കാരിക ബോധമാണ്. സ്ത്രീത്വത്തിന്റെ ആഴത്തിലുള്ള ആത്മീയ അർത്ഥം തിരിച്ചറിയുമ്പോഴാണ് ഫെമിനിസം യഥാർത്ഥത്തിൽ മനുഷ്യസമൂഹത്തിന്റെ നവോത്ഥാനമായി മാറുന്നത്.