നവീൻ ബാബു കേസ്: തുടരന്വേഷണ ഹർജി വിധി വ്യാഴാഴ്ച
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ അഡിഷണൽ ജില്ല സെഷൻസ് കോടതി - 2 വ്യാഴാഴ്ച വിധി പറയും. നീതി ലഭിക്കാൻ ഒരു വർഷത്തിലധികമായി നിയമപോരാട്ടം തുടരുന്ന കുടുംബം, അന്വേഷണ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വ് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഒരു ഘട്ടത്തിൽ ഈ അന്വേഷണ നടപടികൾ ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രതിഭാഗം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.സി.പി രത്നകുമാറിന് ഭരണകക്ഷിയുമായി രാഷ്ട്രീയ അടുപ്പമുണ്ടെന്ന ഗുരുതര ആരോപണമാണ് കുടുംബത്തിന്റെ ഹർജിയുടെ കാതൽ. രത്നകുമാർ നിലവിൽ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ സി.പി.എം കൗൺസിലറാണ്. ഈ ബന്ധം അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.