ട്രെയിനിൽ റീൽസ് എടുത്ത രണ്ടുപേർ അറസ്റ്റിൽ
Tuesday 10 March 2026 1:36 AM IST
ആലുവ: ട്രെയിൻ യാത്രക്കാർക്ക് ശല്യമായി റീൽസ് ചിത്രീകരിച്ച രണ്ടുപേരെ ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. കോലഞ്ചേരി സ്വദേശികളായ ഡാൻസർ ജിസ്‌മോൻ (20), ഗായകൻ കിരൺ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച എറണാകുളത്ത് നിന്ന് ബംഗ്ലൂരുവിലേക്ക് പോയ ഇന്റർസിറ്റി എക്സ്‌പ്രസിൽ ആലുവയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് റീൽസ് ചിത്രീകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുകയും ആർ.പി.എഫ് കേസെടുക്കുകയും ചെയ്തത്. പല രീതിയിൽ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീൽസ്. യാത്രക്കാരും റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരെ കൂട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ചിത്രീകരണം. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ആർ.പി.എഫ് എസ്.ഐ മണികണ്ഠൻ 'കേരളകൗമുദി"യോട് പറഞ്ഞു.