വളപട്ടണം -കോട്ടക്കുന്ന് പാലം പ്രവൃത്തി ഇഴയുന്നു ഇങ്ങനെ പോയാ എന്ന് തീരാനാ....
കണ്ണൂർ: കണ്ണൂർ ബൈപാസ് വഴി വളപട്ടണം പുഴക്ക് കുറുകെ പാപ്പിനിശ്ശേരി തുരുത്തി ചിറക്കൽ കോട്ടക്കുന്ന് ഭാഗത്ത് നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി മെല്ലെപോക്കിൽ.നേരത്തെ മഴക്കാലത്ത് മന്ദഗതിയിലായിരുന്ന പ്രവൃത്തിയ്ക്ക് ഇപ്പോഴും പറയത്തക്ക വേഗതയിലെത്തിയിട്ടില്ലെന്നതാണ് പ്രദേശവാസികളുടെ ആക്ഷേപം.
ഒരു കിലോമീറ്ററോളം നീളമുള്ള ജില്ലയിലെ ഏറ്റവും വലിയ പാലം കൂടിയാണിത്. ആറുവരിയുള്ള പാലം ആണ് ഇവിടെ നിർമിക്കുന്നത്. പാലത്തിനാവശ്യമായ ഗർഡറുകൾ ഭൂരിഭാഗവും സ്ഥാപിച്ചു കഴിഞ്ഞു. മദ്ധ്യഭാഗത്തെ ഗർഡറുകളുടെ ഇരുഭാഗവും യോജിപ്പിക്കുന്ന പ്രവൃത്തിയും കോട്ടക്കുന്നിൽ നിന്ന് തുരുത്തി ഭാഗത്തേക്ക് പോകുന്ന ഏതാനും ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ബാക്കിയുള്ളത്.
കോട്ടക്കുന്ന് ഭാഗത്ത് പാലത്തിന് സമാനമായി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയും മുടങ്ങിയിരിക്കുകയാണ്.കണ്ണൂർ ബൈപാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിൽ വേഗത്തിൽ നടന്നിരുന്നു. പാപ്പിനിശ്ശേരിയിലെ കണ്ടൽ വന മേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയായിരുന്നു പ്രാരംഭ പ്രവൃത്തി. റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് പാലം പണി മന്ദഗതിയിലായതെന്നും പറയുന്നു.വളപട്ടണം പുഴക്ക് കുറുകേ പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
കണ്ണൂർ റീച്ചിലെ ഏറ്റവും വലിയ പാലം
കണ്ണൂർ റീച്ചിൽ ഏറ്റവും വലിയ പാലമാണ് വളപട്ടണത്തേത്. പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവിസിനെയും മുന്നിൽ കണ്ട് പുഴക്ക് നടുക്കുള്ള ഒരു സ്പാനിന്റെ നീളം 55 മീറ്റർ ആക്കുകയും ഉയരം വർദ്ധിപ്പിച്ചുമാണ് നിർമ്മാണം. ആദ്യ രൂപരേഖയിൽ 550 മീറ്റർ നീളമുണ്ടായിരുന്ന പാലം ഇൻലാൻഡ് നാവിഗേഷന്റെ നിർദേശപ്രകാരം 750 മീറ്ററിലേക്ക് നീട്ടി അലൈൻമെന്റ് മാറ്റുകയായിരുന്നു. ആദ്യ ഡി.പി.ആർ പ്രകാരം 130 കോടിയുണ്ടായിരുന്നിടത്ത് അലൈൻമെന്റ് മാറ്റിയപ്പോൾ 190 കോടിയായി വർദ്ധിച്ചു. മാറ്റം വരുത്തിയതിനാൽ നിർമാണത്തിനുള്ള അംഗീകാരത്തിനും സമയമെടുത്തു. തളിപ്പറമ്പ് -മുഴപ്പിലങ്ങാട് റീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്ന് തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്.
വളപട്ടണം-കോട്ടക്കുന്ന് പാലം
13.84 കിലോമീറ്റർ ദൂരം
727 മീറ്റർ നീളം
19 സ്പാനുകൾ