മുന്‍ പ്രധാനമന്ത്രി വരെ നാട് വിടുന്നു; മലയാളികളുടെ ഇഷ്ടരാജ്യത്ത് തൊഴില്‍ പ്രതിസന്ധി?

Monday 09 March 2026 9:48 PM IST

വെല്ലിംഗ്ടണ്‍: തൊഴില്‍ തേടി മലയാളികള്‍ നിരവധി രാജ്യങ്ങളിലേക്ക് പോകാറുണ്ടെങ്കിലും ചില നാടുകളോട് പ്രത്യേക താത്പര്യവും അടുപ്പവും പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു നാടാണ് ന്യൂസിലാന്‍ഡ്. എന്നാല്‍ രാജ്യത്ത് നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത് അത്ര ശുഭകരമായ വാര്‍ത്തകളല്ല. സ്വദേശികള്‍ വന്‍തോതില്‍ രാജ്യം വിടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ച് നടുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് കുടിയേറ്റം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 30 മുതല്‍ 50 വയസ്സ് വരെയുള്ള പ്രായക്കാരുടെ കുടിയേറ്റം 18,000-ല്‍ നിന്ന് 43,000 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രമുഖരുടെ നാടുവിടല്‍ ശ്രദ്ധേയമാകുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലേക്കാണ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ കുടിയേറിയത്. ഇപ്പോള്‍ അവര്‍ ഭര്‍ത്താവ് ബ്ലെയറിനും മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയിലാണ് താമസം. ന്യൂസിലാന്‍ഡില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും തൊഴില്‍ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുമാണ് പല പ്രമുഖരേയും നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്.

ന്യൂസിലാന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ഉള്ളതിനേക്കാള്‍ വളരെ ചെലവ് കുറവാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ പോലുള്ള മഹാനഗരങ്ങളില്‍ എന്നും ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം ഒന്നേകാല്‍ ലക്ഷം സ്വദേശികള്‍ രാജ്യം വിട്ടുവെന്നാണ് കണക്കുകള്‍.

പ്രവൃത്തിപരിചയമുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ രാജ്യം വിടുന്നത് ന്യൂസിലാന്‍ഡിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ബ്രാഡ് ഓള്‍സെന്‍ മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ രാജ്യം വിടുമ്പോള്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പകരം എത്തുന്നത്. ഇവര്‍ പ്രധാനമായും നിര്‍മ്മാണ മേഖല, ഐടി, കൃഷി എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്.