നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹരജിയിൽ വിധി 12ലേക്ക് മാറ്റി
തലശേരി: മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹരജിയിൽ 12ന് വിധി പറയും. ഇന്നലെ പരിഗണിച്ച ഹരജി പന്ത്രണ്ടിലേക്ക് മാറ്റുകയായിരുന്നു. ഹരജി ഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട തലശേരി അഡീഷനൽ ജില്ലാകോടതി (രണ്ട്) ആണ് വിധി പറയുന്നത്.
നേരത്തേ നടന്ന അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ അഭിഭാഷകൻ മുഖേന ഹരജി നൽകിയത്. പ്രതിയുടെ ഫോൺ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജരാക്കിയില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്.റാൽഫ് വാദിച്ചിരുന്നു.അതിനാൽ പുനരന്വേഷണം വേണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. എന്നാൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോയതെന്നും പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ കോടതി മുമ്പാകെ വാദിച്ചു. 2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.