ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന; ഹോട്ടലുകൾക്കും ഭക്ഷ്യോത്പന്ന നിർമ്മാണ യൂണിറ്റുകൾക്കും പിഴ ചുമത്തി
ഇടുക്കി: ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലുകളിലും ഭക്ഷ്യോത്പന്ന നിർമ്മാണ യൂണിറ്റുകളിലുമായി നടത്തിയത് 478 പരിശോധനകൾ. ആകെ 53 സ്ഥാപനങ്ങളിൽ നിന്നായി 1.80ലക്ഷം രൂപ പിഴ ഈടാക്കി. കണ്ടെത്തിയ പിഴവുകൾക്കെതിരേ രണ്ട് പ്രോസിക്യൂഷൻ കേസുകളുൾപ്പടെ നാല് കേസുകൾ ഫയൽ ചെയ്തു. 166 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 100 സർവെയ്ലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിൽ അഞ്ചെണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. മൂന്നെണ്ണത്തിൽ ഫുഡ് കളർ ചേർത്തതും രണ്ട് കറി പൗഡറുകളിൽ കീടനാശിനിയുടെ അംശവും കണ്ടെത്തി. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
നടപടിയെടുത്ത സ്ഥാപനങ്ങൾ
രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മൂന്നാർ മൈലാഞ്ചി ഹോട്ടലിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത റാഗിപ്പൊടി വിൽപ്പന നടത്തിയതിന് നിർമ്മാണ യൂണിറ്റായ ആച്ചി സ്‌പൈസസ് ആൻഡ് ഫുഡ്സ് തിരുവള്ളൂർ, ആച്ചി മസാല ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് വെസ്റ്റ് ചെന്നൈ എന്നീ സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും.
അടിമാലി ഒയാസിസ് കാറ്റേഴ്സ് എന്ന സ്ഥാപനത്തിന് 5000 രൂപ, ചെറുതോണിയിലെ ഹോട്ടൽ അമ്പാടി എന്ന സ്ഥാപനത്തിന് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും ലൈസൻസ് പ്രദർശിപ്പിക്കാത്തതിനും പാഴ്സലുകളിൽ കൃത്യമായ ലേബൽ ഇല്ലാത്തതിനും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും 20000 രൂപയും അറക്കുളം അശോക ജംക്ഷനിലെ രുചിഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, ഹെയർ നെറ്റ് ധരിക്കാതിരിക്കുക, അടുക്കളയിൽ എലിയുടെ സാന്നിധ്യം തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനത്തിനും 25000 രൂപയും പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷനില്ലാത്ത 25 സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യഉപദേശക സമിതി യോഗത്തിൽ അസി. ഫുഡ് സേഫ്റ്റി കമ്മീഷണർ ബൈജു പി ജോസഫ്, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഷൈജു കെ രാമനാഥ്, സുമിൻ ജോസ്, വിവിധ വകുപ്പ് ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.