നാലാം ദിനത്തിലും നഴ്‌സുമാർ സമരത്തിൽ
തൃശൂർ: മൂന്നാം ദിനവും സമരം തുടർന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. ജില്ലയിലെ ആറോളം ആശുപത്രികളിലെ നൂറുകണക്കിന് നഴ്സുമാരാണ് ഇന്നലെ പണിമുടക്കി കളക്ടറേറ്റ് പടിക്കൽ സമരം നടത്തിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി കഴിഞ്ഞ ദിവസം ധാരണയുണ്ടാക്കിയ തൃശൂരിലെ എലൈറ്റ്, ദയ, മദർ, സൺ തുടങ്ങിയ ആശുപത്രികളിലെ നഴ്‌സുമാർ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറി. ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് നാലരയോടെ സമാപിച്ചു. സമരം ഇന്നും തുടരുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. ചില ആശുപത്രികളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് യു.എൻ.എ ഭാരവാഹികൾ കേരളകൗമുദിയോട് പറഞ്ഞു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇടക്കാല പരിഹാരമായി കുറച്ചുതുക മാത്രമാണ് ജൂബിലി ആശുപത്രി കൂട്ടി നൽകിയത്. 40,000 രൂപ ശമ്പളം നൽകണമെങ്കിൽ ഇനിയും 12,000 രൂപയോളം വർദ്ധിപ്പിക്കണം. കളക്ടറേറ്റ് പടിക്കൽ നഴ്സുമാരുടെ സമരം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. സ്വകാര്യ മാനേജ്മെന്റുകളുമായുള്ള ചർച്ച നടക്കുന്നതിനാൽ ഞായറാഴ്ച സമരം നടന്നിരുന്നില്ല. ഇന്നലെ തൃശൂരിൽ നടന്ന സമരത്തിന് യു.എൻ.എ ജില്ലാ പ്രസിഡന്റ് ടിന്റു തോമസ്, സെക്രട്ടറി ലിജോ കുര്യൻ, സംസ്ഥാന സെക്രട്ടറി ജിതിമോൻ സണ്ണി, ലിഫിൻ ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.
ധാരാളം ജീവനക്കാരുണ്ടെന്നതാണ് ശമ്പളവർദ്ധനവിന് തടസമായി ചില വലിയ ആശുപത്രിക്കാർ പറയുന്നത്. എന്നാൽ ഇവിടെ നഴ്സുമാരുടെ ജോലിക്ക് കുറവൊന്നുമില്ല. ആശുപത്രിയുടെ സൗകര്യങ്ങളനുസരിച്ച് വരുമാനവും ലഭിക്കുന്നുണ്ട്.
-ടിന്റു തോമസ്, യു.എൻ.എ, ജില്ലാ പ്രസിഡന്റ്.