സി.പി.ഐ പ്രതിരോധത്തിൽ: കല്ലുകടിയായി "പേയ്മെന്റ്"
തൃശൂർ: നാട്ടിക എം.എൽ.എ സി.സി.മുകുന്ദന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന പേയ്‌മെന്റ് സീറ്റ് ആരോപണത്തോടെ സി.പി.ഐ കടുത്ത സമർദ്ദത്തിൽ. മൂന്നാംവട്ട മത്സരത്തിന് തയ്യാറെടുത്ത ഗീത ഗോപിക്ക്, മോശം പ്രകടനം ആരോപിച്ചായിരുന്നു സീറ്റ് നിഷേധിച്ചത്. തുടർന്നാണ് മുകുന്ദൻ മത്സരിപ്പിക്കുന്നതും 28,431 വോട്ടിന് വിജയിക്കുന്നതും. എന്നാൽ, പാർട്ടി നേതൃത്വവുമായി അകന്നതാണ് മുകുന്ദന് തിരിച്ചടിയായത്. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതോടെ അകൽച്ച നേതൃത്വത്തിനെതിരെയുള്ള പോർവിളിയായി മാറി. പാർട്ടി അംഗത്വം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം രാത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ കോൺഗ്രസിനായി കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും വിളിച്ചപ്പോൾ ബി.ജെ.പിക്കായി എ.എൻ.രാധാകൃഷ്ണനും കരുക്കൾ നീക്കി. വൈകിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം സി.പി.ഐ മത്സരിക്കുന്ന തൃശൂരിൽ പി.ബാലചന്ദ്രന് പകരം ആലങ്കോട് ലീലാകൃഷ്ണന്റെ പേരാണ് പരിഗണിച്ചത്. പി.ബാലചന്ദ്രനും രണ്ടാമൂഴം നൽകിയിട്ടില്ല. വി.എസ്.പ്രിൻസ്, യുവ നേതാവ് പ്രദീപ് കുമാർ എന്നിവരെ പോലും പരിഗണിക്കാതെയാണ് ആലങ്കോടിനെ പരിഗണിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പരിഗണിച്ചത് ജില്ലാ കൗൺസിൽ അംഗത്തെ: ശിവാനന്ദൻ
പാർട്ടി ജില്ലാ കൗൺസിൽ അംഗത്തെയാണ് നാട്ടികയിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. എം.എൽ.എയുടെ അഭിപ്രായങ്ങൾ ബന്ധപ്പെട്ട ഘടകങ്ങൾ പരിശോധിക്കും. മണ്ഡലം സെക്രട്ടറിക്ക് മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല. പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. മോശം പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ആരെയും ഒഴിവാക്കിയിട്ടില്ല. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാറ് യു.ഡി.എഫ് നേതൃത്വമാണ്. അതിനാൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുമെന്ന പ്രഖ്യാപനം പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്.പ്രിൻസ്, ഇ.എം.സതീശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
രണ്ടു ടേം നാട്ടിക എം.എൽ.എയായിരുന്ന ഗീതാഗോപി പാർട്ടി ജില്ലാ കൗൺസിൽ അംഗമാണ്. ചെറുപ്പത്തിലേ ഗുരുവായൂർ നഗരസഭ അദ്ധ്യക്ഷയായി. സാമ്പത്തിക ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നിട്ടില്ല.
കെ.ജി.ശിവാനന്ദൻ
ജില്ലാ സെക്രട്ടറി
സി.പി.ഐ
സി.സി.മുകുന്ദന്റേത് രാഷ്ട്രീയ പാപ്പരത്വമാണ്. വലതു കൂടാരത്തിൽ അഭയം തേടാനുള്ള മുകുന്ദന്റെ നീക്കം ഒരു തരത്തിലും എൽ.ഡി.എഫിനെ ബാധിക്കില്ല.
കെ.വി.അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി സി.പി.എം.