60 കാരന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: പട്ടികജാതി വിഭാഗത്തിൽപെട്ട 15 വയസുകാരനെ ലൈംഗികമായി ആക്രമിച്ച കേസിൽ പരവൂർ പുലിക്കുളം കുന്നത്തുവീട്ടിൽ സുരേന്ദ്ര കുറുപ്പിനെ (60) ജീവപര്യന്തം തടവിന് ശിക്ഷിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ പ്രകാരമാണ് ശിക്ഷ. പോക്സോ വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും മറ്റു വകുപ്പുകളിലായി 32 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 4.50 ലക്ഷമാണ് പിഴ. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി 27 മാസം കൂടി കഠിന തടവ് അനുഭവിക്കണം. പരവൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ രജിസ്റ്റർ ചെയ്ത കേസിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി. എ.എസ്.ഐമാരായ പ്രസന്ന ഗോപൻ, സെലീനാ മഞ്ജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.