ചരിത്രത്തിന്റെ പോർക്കളം
ജാത്യാതീതവും മതാതീതവുമായ ഇന്ത്യ എന്ന ആശയത്തെ പ്രോജ്ജ്വലിപ്പിച്ച ധൈഷണികനും ചരിത്രകാരനും സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു ഡോ.കെ.എൻ. പണിക്കർ. വസ്തുനിഷ്ഠവും യുക്ത്യാധിഷ്ഠിതവുമായ ശാസ്ത്രീയ ചരിത്രത്തിന് ഗ്രഹണം ബാധിച്ച വർത്തമാനകാലത്ത് അക്കാദമിക ചരിത്രത്തിന്റെ കാവലാളായിരുന്നു പ്രൊഫ. പണിക്കർ.
പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദവും, രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും കരസ്ഥമാക്കിയ അദ്ദേഹം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം പ്രൊഫസറും അദ്ധ്യക്ഷനുമായി. കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലറായിരുന്നു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന കാലത്താണ് 'ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം" (സി.ബി.സി.എസ്.എസ്) ബിരുദതലത്തിൽ നടപ്പിലാക്കിയത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചരിത്ര ഗവേഷണത്തിൽ നൂതനധാരകൾ വെട്ടിത്തുറക്കുകയും ചെയ്ത പ്രൊഫ. പണിക്കർ ചരിത്രമെന്ന പോർക്കളത്തിലെ വിശ്വവിജയിയായ പോരാളിയായിരുന്നു.
മദ്ധ്യവർഗം എന്ന
ഉപോത്പന്നം
കോളനി കാലഘട്ടത്തിലെ ജനകീയ സമരങ്ങളും സാംസ്‌കാരിക ധൈഷണിക ഉയിർപ്പുകളും പ്രൊഫ. പണിക്കരുടെ സവിശേഷ താത്പര്യ മേഖലകളായിരുന്നു . മാർക്‌സിയൻ രീതിശാസ്ത്രവും ഗ്രാംഷിയൻ ചിന്തയും ചരിത്രരചനയിൽ കൃത്യതയോടെ പ്രയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയൽ ആധുനികത ഒരു പണിതീർന്ന ഉത്പന്നമല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. കേരള നവോത്ഥാനം ആധുനിക മനുഷ്യനെ സൃഷ്ടിച്ചപ്പോഴും ജാതിയും മതവും മൗലികമായി മലയാളി ജീവിതത്തിൽ തുടർന്നതിന് സൈദ്ധാന്തിക വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. നവോത്ഥാനത്തിൽ പിറന്ന മദ്ധ്യവർഗം ആധുനികതയെ ആന്തരവത്കരിക്കുന്നതിൽ പാതിമാത്രം വിജയിച്ച് നിയമസാധുതയില്ലാത്തവരായി മാറിയെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം സമകാലീന കേരള പശ്ചാത്തലത്തിൽ ഏറ്റവും പ്രസക്തമാണ്.
ധൈഷണിക ചരിത്രം, പ്രാദേശികചരിത്രം, വാമൊഴി ചരിത്രരചനകൾ എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചത് കെ.എൻ. പണിക്കരാണ്. ആണ്ടലാട്ട് തുടങ്ങിവച്ച രേഖകളില്ലാത്ത ചരിത്രത്തിന് നിയതമായ ഘടനയും രീതിശാസ്ത്രവും അദ്ദേഹം പ്രദാനം ചെയ്തു. അക്കാദമിക ചരിത്രത്തിലേക്ക് പ്രാദേശിക ചരിത്രത്തെ കണ്ണി ചേർക്കാൻ അദ്ദേഹത്തിന്റെ ധൈഷണിക സംവാദങ്ങൾക്ക് കഴിഞ്ഞു. അക്കാദമി ചരിത്രവും ജനകീയ ചരിത്രവും തമ്മിലുള്ള വലിയ അന്തരം നികത്താൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. അക്കാദമിക ചരിത്രത്തെ ബഹുജനങ്ങളിലേക്ക് എത്തിച്ചില്ലെങ്കിൽ ഐതിഹ്യങ്ങളും മിത്തുകളും കഥകളുമൊക്കെ അയുക്തികമായി വർഗീയതാത്പര്യത്തോടെ യഥാർത്ഥ ചരിത്രമായി അവതരിപ്പിക്കുന്നവർ വിജയിക്കുമെന്നും അത് സാമൂഹ്യ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാർ കലാപം:
ഒരു മറുവായന
കേരളത്തിൽ സമീപകാലത്ത് കുഞ്ഞാലി മരക്കാർ, ടിപ്പു സുൽത്താൻ, മലബാർ കലാപം എന്നിവയുമായി ബന്ധപ്പെട്ട ചരിത്ര സംവാദങ്ങൾ ഹിന്ദുത്വ വർഗീയതയുടെ വളർച്ചയ്ക്കും ഹിന്ദു മുസ്ലീം സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്. 1921-ലെ മലബാർ കലാപത്തെക്കുറിച്ച് 'ജന്മിത്വത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ" എന്ന പേരിൽ പണിക്കർ എഴുതിയ ചരിത്ര ഗ്രന്ഥം ഈ വിഷയത്തിലുണ്ടായ ഏറ്റവും സമഗ്രവും ആധികാരികവുമായ കൃതിയാണ്. കലാപത്തിന്റെ ഭാഗമായി മതപരിവർത്തനവും ജിഹാദിസത്തിന്റെ ഉയിർപ്പുമുണ്ടായി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ അടിസ്ഥാനപരമായി അത് ജാതി - ജന്മി- കോളനിവാഴ്ചയ്‌ക്കെതിരെ ഏറനാട്, വള്ളുവനാട് മേഖലകളിലെ മാപ്പിള കർഷകർ നടത്തിയ പോരാട്ടമാണെന്ന് വസ്തുനിഷ്ഠമായ തെളിവ് സാമഗ്രികളുടെ സഹായത്തോടെ അദ്ദേഹം സ്ഥാപിച്ചു.
ആധുനിക ഇന്ത്യാ ചരിത്രം, ധൈഷണിക ചരിത്രം, പ്രാദേശിക ചരിത്രം, വാമൊഴി ചരിതം, സ്വാതന്ത്ര്യ സമരം, സാംസ്‌കാരിക ചരിത്രം എന്നിങ്ങനെ ചരിത്രത്തിന്റെ വിവിധ ശാഖകളിൾ കനപ്പെട്ട സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ. പണിക്കർ. ചരിത്രത്തെ വർഗീയതയുടെ പ്രത്യയ ശാസ്ത്രമായി ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നതിനെ അദ്ദേഹം തുറന്നു കാട്ടി. ഈ അർത്ഥത്തിൽ ചരിത്രം ഒരു സംഘർഷ ഭൂമിയായി മാറിയെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യ എന്ന
ആശയം
ചരിത്രപരമായി വൈവിദ്ധ്യങ്ങളുടെയും ഏകത്വത്തിന്റെയും അനുഭവങ്ങളുള്ള ജനതയാണ് ഭാരതീയർ. മതങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പരസ്പരബഹുമാനം സവിശേഷ മൂല്യമായി ഭാരതത്തിൽ വികസിച്ചു. ഇന്ത്യൻ ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതരവുമായിരുന്നു. ഗാന്ധിയൻ ചിന്തയുടെ അടിസ്ഥാന ധാരയും മതേതര ദേശീയതയായിരുന്നു. രണ്ട് നൂറ്റാണ്ടുകാലത്തെ കോളനി വിരുദ്ധ പോരാട്ടത്തിലൂടെ ഇന്ത്യക്കാർ ആർജ്ജിച്ചെടുത്ത മഹത്തായ മൂല്യമാണിത്. പാകിസ്ഥാൻ മതരാഷ്ട്രമായി മാറിയപ്പോഴും ഭാരതം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനകീയവും മതേതരവുമായ മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കുന്നു. ഈ ദിശയിലുള്ള ഇന്ത്യ എന്ന മഹത്തായ ആശയത്തിനു വേണ്ടി തന്റെ ധൈഷണിക ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവച്ച ചിന്തകനും ശ്രേഷ്ഠനായ അദ്ധ്യാപകനുമാണ് പ്രൊഫ.പണിക്കർ.
അദ്ദേഹത്തിന്റെ ചിന്ത ഏറ്റവും അനിവാര്യവും അഭിലഷണീയവുമായ സന്ദർഭത്തിലാണ് തൊണ്ണൂറാം വയസിൽ ആ ധന്യജീവിതം വിട പറഞ്ഞത്. ഇനിയങ്ങോട്ട് അദ്ദേഹത്തിന്റെ ചിന്തയും കർമ്മവും മതേതര ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പഠിതാക്കൾക്കും ബഹുജനങ്ങൾക്കും വിളക്കുമാടമായി വിളങ്ങി നിൽക്കും എന്നത് നിസ്തർക്കമാണ്.
(വടകര മടപ്പള്ളി ഗവ. കോളേജ് ചരിത്ര വിഭാഗം പ്രൊഫസറും പ്രിൻസിപ്പലുമായ ലേഖകൻ, 'കെ.എൻ. പണിക്കർ- ചരിത്രമെന്ന പോർക്കളം" എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്)