അറ്റകുറ്റപ്പണി ഇനിയുമായില്ല, അപകടം തുടർക്കഥയായി കൈപ്പറമ്പ് തലക്കോട്ടുകര റോഡ്

Tuesday 10 March 2026 12:00 AM IST

കൈപ്പറമ്പ്: നിർമ്മാണോദ്ഘാടനം കഴിഞ്ഞ് നാല് മാസമായിട്ടും അറ്റകുറ്റപ്പണി ആരംഭിക്കാത്ത കൈപ്പറമ്പ് തലക്കോട്ടുകര റോഡ് അപകടക്കെണിയാകുന്നു. കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയെയും കേച്ചേരി കുറാഞ്ചേരി പാതയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പുനരുദ്ധാരണത്തിനായി മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 43.51 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബർ ഏഴിന് നിർമ്മാണോദ്ഘാടനവും നടന്നു. എന്നാൽ മാസങ്ങളായിട്ടും വിദ്യ എൻജിനീയറിംഗ് കോളേജിന് സമീപം രണ്ട് ലോഡ് മെറ്റൽ ഇറക്കിയതല്ലാതെ മറ്റ് പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല. റോഡ് കൂടുതൽ തകർന്ന വിദ്യ കോളേജ് പരിസരത്തും സെന്റ് ജോസഫ് കോൺവെന്റിന് മുന്നിലും കട്ട വിരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും അതും നടപ്പായില്ല. വിദ്യ എൻജിനിയറിംഗ് കോളേജ്, ഗാഗുൽത്ത ധ്യാനകേന്ദ്രം, കിഡ്‌നി ഫെഡറേഷൻ ഡയാലിസിസ് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ദുരവസ്ഥ മൂലം ഇവിടെ നിത്യേനയെന്നോണം ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. പലതവണ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥ തുടരുകയാണ്.

റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

കൈപ്പറമ്പ് തലക്കോട്ടുകര റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി ചിറയത്ത് വിൽസന്റെ ഭാര്യ ലിസിയാണ് (62) അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ ആറോടെ തലക്കോട്ടുകര മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. റോഡിലെ വലിയ കുഴിയിൽ ലിസിയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് ചാടുകയായിരുന്നു. ഇതോടെ ബൈക്കിന്റെ പിന്നിലിരുന്ന ലിസി റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് കാര്യമായി പരിക്കേറ്റ ലിസിയെ ഉടനെ ആക്ട്‌സ് പ്രവർത്തകർ ചേർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൂ​ണ്ട​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​'​ത​ല​ക്കോ​ട്ടു​ക​ര​ ​വി​ദ്യ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ് ​റോ​ഡ് ​പു​ന​രു​ദ്ധാ​ര​ണം​'​ 11​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​പ്ര​വൃ​ത്തി​ക്ക് ​വേ​ണ്ടി​ ​അ​ന്ന് ​മു​ത​ൽ​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തീ​ക​രി​ക്കും​ ​വ​രെ​ ​ഈ​ ​റോ​ഡി​ലൂ​ടെ​യു​ള്ള​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ക്കും.

-പ​ഞ്ചാ​യ​ത്ത് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​