പാടെ തകർന്ന് തിടങ്ങഴി -കരിമാനി -വെൺമണി റോഡ്, ഇതുവഴി യാത്ര അസാധ്യം
മാനന്തവാടി: 2018 ലെ പ്രളയത്തെ തുടർന്നാണ് തിടങ്ങഴി കരിമാനി വെണ്മണി റോഡ് പൂർണ്ണമായും തകർന്നത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പൊട്ടിപ്പൊളിഞ്ഞു പോയ ഭാഗങ്ങൾ മാത്രം നവീകരിച്ചു. നിലവിൽ കരിമാനി മുതൽ വെൺമണി വരെ റോഡ് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. ഇതുവഴിയാണ് രണ്ട് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ
സർവീസ് നടത്തുന്നത്. കൂടാതെ കൊളങ്ങോട് കലുങ്കും അപകടാവസ്ഥയിലാണ്. കമ്പികൾ തുരുമ്പ് എടുത്ത് പൊട്ടിപ്പൊളിഞ്ഞ കലുങ്കിലൂടെയാണ് ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നത്. റോഡ് പൂർണമായി തകർന്നതോടെ ബസുകൾ സർവീസ് നിർത്തുവാൻ ഒരുങ്ങുകയാണ്. കരിമാനി - കൊളങ്ങോട് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ മാനന്തവാടി ടൗണിൽ എത്താൻ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. റോഡ് നവീകരണത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഈ തുക ഇതുവരെയും വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ല. അടിയന്തരമായി അപകടാവസ്ഥയിലുള്ള കലുങ്കും റോഡും നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.