ഇ.ശ്രീധരൻ വിളിച്ച യോഗത്തിൽ കളക്ടറടക്കം പങ്കെടുത്തില്ല
Tuesday 10 March 2026 2:20 AM IST
മലപ്പുറം: അതിവേഗ റെയിൽവേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത് വിളിച്ച ആദ്യയോഗത്തിൽ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തില്ല. 50ൽ താഴെ ആളുകൾ മാത്രമാണ് എത്തിയത്. കളക്ടറെയടക്കം ക്ഷണിച്ചിരുന്നുവെന്നും കൂടുതൽപേരെ പ്രതീക്ഷിച്ചിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിൽവന്നാൽ പദ്ധതി നടപ്പാക്കുമെന്ന് ശ്രീധരൻ ആവർത്തിച്ചു. പില്ലർ ഉപയോഗിച്ചാണ് പാത നിർമ്മിക്കുക. പില്ലറിന് 20 മീറ്റർ ഭൂമി മാത്രമാണ് ആവശ്യം. ഭൂമി വിട്ടുതരുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞു. അതേസമയം, കേരളത്തിൽ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇ.ശ്രീധരനെ നിയമിച്ചിട്ടില്ലെന്ന് ദേശീയ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി.