ഡിജിറ്റൽ അറസ്റ്റ്: റിട്ട. ജില്ലാ ജഡ്‌ജിയ്ക്ക് 1.66 കോടി നഷ്ടമായി

Tuesday 10 March 2026 12:25 AM IST

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായി തെലങ്കാനയിലെ റിട്ടയേർഡ് ജില്ലാ ജഡ്‌ജിയും. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന 1.66 കോടി തട്ടിയെടുത്തു. 69കാരനായ റിട്ടയേർഡ് ജഡ്‌ജിയുടെ ഫോൺ നമ്പർ സ്ത്രീകളെ കടത്തുന്നതിനും കള്ളപ്പണ ഇടപാടിനും അടക്കം ഉപയോഗിക്കുന്നുവെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയാണെന്നും അറിയിച്ചു. സുപ്രീംകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. വീട്ടിനുള്ളിൽ ഡിജിറ്റലായി അറസ്റ്റ് ചെയ്‌തുവെന്നും, മോചനത്തിന് പണം വേണമെന്നും അറിയിച്ചു. തുടർന്ന് തട്ടിപ്പുകാർ പറഞ്ഞ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു. സെക്കന്തരാബാദ് മൽകാജ്ഗിരി സ്വദേശിയാണ്. ചതിക്കപ്പെട്ടെന്ന് മനസിലായതോടെ അദ്ദേഹം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ തെലങ്കാന പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുക്കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈകേസും ദേശീയ ഏജൻസിക്ക് കൈമാറിയേക്കും.