പൗരബോധമുള്ള കുട്ടികളെ ആദരിക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ചുവട് 2026 പദ്ധതിയുടെ പ്രഖ്യാപനവും പരിഷ്‌കരിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പാഠപുസ്തകങ്ങൾ, സ്‌കൂളുകളുടെ സുരക്ഷ മാന്വൽ എന്നിവയുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളിൽ സാമൂഹ്യ അവബോധം, സഹാനുഭൂതി, ഭരണഘടനയോടുള്ള കൂറ്, മുതിർന്നവരോടുള്ള ബഹുമാനം, സഹവിദ്യാർത്ഥികളോടുള്ള സഹകരണം, പരിസ്ഥിതി ബോധം എന്നിവ വളർത്തുകയാണ് ചുവട് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ 41 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയത്. 20 ലക്ഷത്തോളം പുതിയ പുസ്തകങ്ങൾ അച്ചടിച്ച് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അദ്ധ്യക്ഷത വഹിച്ചു.