വിദേശിയുടെ 2.52 ലക്ഷം തട്ടി: ടൂർ ഓപ്പറേറ്റർക്കെതിരെ കേസ്

Tuesday 10 March 2026 1:18 AM IST

കൊച്ചി: ആയുർവേദ ചികിത്സയ്‌ക്കായി കൊച്ചിയിലെത്തിയ വിദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2.52 ലക്ഷം രൂപ തട്ടിയെടുത്ത ഹോസ്പിറ്റാലിറ്റി സ്ഥാപനത്തിന്റെ ടൂർ ഓപ്പറേറ്ററെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ കൊച്ചിയിലെ ഹോട്ടലിൽ ചികിത്സാ പാക്കേജിൽ താമസിച്ച നിരവധി വിദേശികൾ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നു.

രണ്ട് മാസത്തോളം ഹോട്ടലിൽ തങ്ങിയ സ്വിറ്റ്സർലൻഡ് സ്വദേശി എമാനുവേൽ വുതറിച്ചാണ് തട്ടിപ്പിനിരയായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താമസസൗകര്യവും ആയുർവേദ ചികിത്സയും ലഭ്യമാക്കുന്ന പ്രമുഖ ഹോസ്പിറ്റാലി സ്ഥാപനത്തിന്റെ ടൂർ ഓപ്പറേറ്റർ ആന്റണി സുരേഷിനെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

2025 ഡിസംബർ, 2026 ജനുവരി മാസങ്ങളിലാണ് വിദേശപൗരൻ കൊച്ചി പെരുമാനൂർ ഭാഗത്തുള്ള ഹോട്ടലിൽ ചികിത്സയ്‌ക്കായി തങ്ങിയത്. വിദേശിയെ സഹായിക്കാൻ സ്ഥാപനം ചുമതലപ്പെടുത്തിയ ഫോറിൻ ടൂർ ഓപ്പറേറ്ററായിരുന്നു ആന്റണി സുരേഷ്. തന്റെ ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും എമാനുവൽ വുതറിച്ച് ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ മറവിൽ മൂന്നു തവണകളായി വുതറിച്ചിന്റെ അനുമതിയും അറിവുമില്ലാതെ 2.52 ലക്ഷം രൂപ പിൻവലിച്ചെന്നാണ് കേസ്.

ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി വിദേശപൗരൻ ബില്ലുകൾ സെറ്റിൽ ചെയ്യുന്നതിനിടെയാണ് പണം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. വിവരം പുറത്തായതിനെ തുട‌ർന്ന് ഹോസ്പിറ്റാലിറ്റി സ്ഥാപനം പണം അദ്ദേഹത്തിന് തിരിച്ചു നൽകി. ഈ തുക ആന്റണി സുരേഷ് തിരിച്ചടയ്‌ക്കാൻ സ്ഥാപനം ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നാണ് സ്ഥാപന മാനേജർ സൗത്ത് പൊലീസിൽ പരാതിപ്പെട്ടത്.