വാഹനപരിശോധനയിൽ കുടുങ്ങിയത് ലഹരി സംഘത്തിലെ പ്രധാനികൾ
കൊച്ചി: വാഹനപരിശോധനയ്ക്കിടെ പിടികൂടിയ രാസലഹരി പിന്തുടർന്നുള്ള പൊലീസിന്റെ അന്വേഷണത്തിൽ വലയിലായത് പശ്ചിമ കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിവിതരണ സംഘത്തിലെ മുഖ്യ കണ്ണികൾ. ഇതുവരെ പൊലീസിന്റെയും എക്സൈസിന്റെയും റഡാറില്ലാതിരുന്ന പള്ളുരുത്തി രാമേശ്വരം മുണ്ടംവേലി ചിറ്റേഴത്ത് വീട്ടിൽ സി.ആർ. റിൽഫിൻ (സേവ്യർ, 32), മുണ്ടംവേലി ബാവക്കാട്ട് വീട്ടിൽ ജേക്കബ്ബ് തോംസൺ (ടോണി, 34) എന്നിവരാണ് തോപ്പുംപടി പൊലീസിന്റെ പിടിയിലായത്.
പള്ളുരുത്തി ചിറയ്ക്കൽ പാലത്തിന് സമീപം പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് 0.32 ഗ്രാം എം.ഡി.എം.എയുമായി റിൽഫിൻ പിടിയിലായത്. കൈവശം 16,000 രൂപയുമുണ്ടായിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. രാസലഹരി ഉപയോഗിക്കുന്ന ആളാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ചോദ്യം ചെയ്യലിൽ വിതരണക്കാരനാണെന്ന സൂചന ലഭിച്ചു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജേക്കബ്ബ് തോംസണിന്റെ വീട് പരിശോധിച്ചപ്പോൾ 27.87 ഗ്രാം എം.ഡി.എം.എയും രാസലഹരി വിതരണത്തിലൂടെ കിട്ടിയ 2.31 ലക്ഷം രൂപയും കണ്ടെടുത്തു.
ഇരുവരും ചേർന്ന് ലഹരിവിതരണം നടത്തിവരികയായിരുന്നു. പ്രതികൾ ആദ്യമായാണ് മയക്കുമരുന്ന് വിതരണത്തിന് പിടിയിലാകുന്നത്. റിൽഫിൻ വാഹന വിൽപ്പക്കാരനും ജേക്കബ്ബ് തോംസൺ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററുമാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉറവിടം തേടി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. തോപ്പുംപടി എസ്.എച്ച്.ഒ കെ.പി. ആനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ. സന്തോഷിനാണ് മേൽനോട്ടച്ചുമതല.