മകനെയും ഭാര്യാ മാതാവിനെയും പരിക്കേൽപ്പിച്ച കേസിൽ തടവും പിഴയും
Tuesday 10 March 2026 2:15 AM IST
തലശേരി: പ്രായപൂർത്തിയാകാത്ത മകനെയും ഭാര്യയുടെ അമ്മയെയും അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ രണ്ടുവർഷവും മൂന്നു മാസവും തടവും 1000 രൂപ പിഴയും കോടതി വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരുമാസം അധിക തടവ് അനുഭവിക്കണം. നടുവിൽ ഉത്തൂർ സ്വദേശി ബിജു പ്രകാശിനെ (43) ആണ് തലശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്. 2018 മാർച്ച് ഒന്നിന് കുട്ടിയും അമ്മയും താമസിച്ചു വരുന്ന വീട്ടിലാണ് സംഭവം. ഭാര്യയുടെ മാതാവായ ഓമനയെ (69) ടോർച്ച് ഉപയോഗിച്ച് അടിച്ചതിനാൽ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. മകന് ഇടതുകൈക്കാണ് പരിക്കേറ്റത്. കുടിയാന്മല എസ്.ഐയായിരുന്ന കെ.ജെ വർഗീസ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഒരു വർഷത്തിലധികമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി.