കേരളകൗമുദി വാർത്ത ഫലം കണ്ടു വിതുരയിൽ പൊട്ടിയ പൈപ്പ് നന്നാക്കി
വിതുര: ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം പൊട്ടിയ പൈപ്പ് നന്നാക്കി,ശുദ്ധജലവിതരണം സുഗമമാക്കി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര കലുങ്ക് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴായത്.ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് നഷ്ടപ്പെട്ടത്.കുടിവെള്ളം പാഴായി ഒഴുകുന്നത് ചൂണ്ടിക്കാട്ടി വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പഞ്ചായത്തിലും, വാട്ടർ അതോറിട്ടിക്കും പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ല.തുടർന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വാട്ടർഅതോറിട്ടി അടിയന്തരനടപടികൾ സ്വീകരിക്കുകയും പൊട്ടിയ പൈപ്പ് നന്നാക്കുകയുമായിരുന്നു.
മേഖല കുടിവെള്ളക്ഷാമം നേരിടുന്നതിനിടെയായിരുന്നു,പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത്.വിതുരയിൽ പൈപ്പ് പൊട്ടുന്നത് തുടർക്കഥയായി മാറിയിട്ടുണ്ട്.അടുത്തിടെ വിതുര കലുങ്കിൽ പൈപ്പ് പൊട്ടിയപ്പോൾ മൂന്ന് ദിവസം കുടിവെള്ളവിതരണം നിലക്കുകയും ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ട സ്ഥിതിയുമായിരുന്നു.
ചായത്തും,തോട്ടുമുക്കിലും പൈപ്പ് പൊട്ടിയിരുന്നു.ഒരിടത്ത് നന്നാക്കുമ്പോൾ മറ്റൊരിടത്ത് പൊട്ടുന്ന സ്ഥിതി വിശേഷമാണ് നിലവിൽ. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പിലൂടെയാണ് ഇപ്പോഴും കുടിവെള്ളമെത്തുന്നത്.കാലപ്പഴക്കം ചെന്നപൈപ്പ് ലൈൻമാറ്റാതെ കുടിവെള്ളവിതരണം സുഗമമാകില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
1---കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത
2---പൊട്ടിയ പൈപ്പ് നന്നാക്കുന്നു.