'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; ട്രംപിന് മറുപടി നൽകി ഇറാൻ

Tuesday 10 March 2026 9:00 AM IST

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടി നൽകി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ സൈനിക നടപടികൾ എപ്പോൾ അവസാനിക്കുമെന്ന് നിർണ്ണയിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. സമവാക്യങ്ങളും മേഖലയുടെ ഭാവിയും ഇപ്പോൾ ടെഹ്‌റാൻ സേനയുടെ കൈകളിലാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.

ഇറാനെതിരായ യുദ്ധം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇറാൻ ആഗോള എണ്ണ വിതരണം തടസപ്പെടുത്തിയാൽ പോരാട്ടം രൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മൊജ്തബാ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിൽ താൻ സന്തുഷ്ടനല്ലെന്ന് കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന് യുഎസ് കനത്ത പ്രഹരമേൽപ്പിച്ചെന്നും അവരുടെ കഴിവുകൾ ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു. അതേ സമയം, ഇറാനെതിരെയുള്ള സൈനിക ദൗത്യം പദ്ധതിയനുസരിച്ച് മുന്നോട്ടുപോവുകയാണെന്നും ഇറാൻ കീഴടങ്ങണമെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു.

ഇസ്രയേലിന്റെയും യുഎസിന്റെയും വധഭീഷണിയുടെ സാഹചര്യത്തിൽ മൊജ്തബാ നിലവിൽ രഹസ്യ കേന്ദ്രത്തിലാണ്. അധികാരമേറ്റ ശേഷം മൊജ്തബാ ടെലിവിഷൻ അഭിസംബോധനയും നടത്തിയിരുന്നില്ല. ഖമനേയിയേക്കാൾ 'അപകടകാരിയാണ് ' മൊജ്തബാ എന്നാണ് ഇറാന്റെയുള്ളിലെ പ്രചാരണം. മൊജ്തബായെ തിരഞ്ഞെടുത്തതിന് പിന്നാലെ ഖമനേയിയുടെ അനുകൂലികൾ ടെഹ്റാനിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.