'ഗർഭിണിയായാൽ മാത്രം ഞാൻ ആ തീരുമാനമെടുക്കും'; അവസാന ശ്വാസം വരെയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് തൃഷ

Tuesday 10 March 2026 11:12 AM IST

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തതിനുപിന്നാലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് നടി തൃഷയാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഇതിനുപിന്നാലെ വിജയ്‌യും തൃഷയും ഒരു വിവാഹച്ചടങ്ങിന് ഒന്നിച്ചെത്തിയത് വിവാദങ്ങൾക്ക് ശക്തികൂട്ടുകയും ചെയ്തു. ഇപ്പോഴിതാ തൃഷയുടെ മുൻ വിവാഹനിശ്ചയവും അത് ഉപേക്ഷിച്ചതിന് പിന്നാലെ തൃഷ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.

2015ൽ ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ വരുൺ മണിയനുമായാണ് തൃഷയുടെ വിവാഹനിശ്ചയം നടന്നത്. മാസങ്ങൾക്കുശേഷം വിവാഹം ഉപേക്ഷിക്കുന്നതായി തൃഷ പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതിനുശേഷം തൃഷ മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.

'ഞാൻ വിവാഹം ചെയ്യാനിരുന്നയാൾ അഭിനയം അവസാനിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. സിനിമ നിർത്തുന്നതിനുപകരം ഞാൻ വിവാഹം വേണ്ടെന്നുവച്ചു. ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കൂ. മുൻനിര കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിൽ എന്റെ ഇമേജിന് ചേരുന്നത് ചെയ്യും. എന്നിരുന്നാലും സിനിമയിൽ നിന്ന് പോകില്ല. അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം'- എന്നായിരുന്നു ഒരു മാദ്ധ്യമത്തിനുനൽകിയ അഭിമുഖത്തിൽ തൃഷ പറഞ്ഞത്.

സംഗീത വിവാഹമോചനക്കേസിൽ ആരോപിക്കപ്പെടുന്ന നടി തൃഷയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിന് താരജോഡികൾ ഒന്നിച്ചെത്തിയത്. മാച്ചിംഗ് വസ്ത്രങ്ങളായിരുന്നു വിജയും തൃഷയും ധരിച്ചിരുന്നതെന്നതും ശ്രദ്ധനേടിയിരുന്നു.