ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ കൂടില്ല, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാവില്ല; കാരണം ചില മുന്നൊരുക്കങ്ങൾ

Tuesday 10 March 2026 11:21 AM IST

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം പാചകവാതകത്തിന്റെ വില കൂടിയതോടെ എണ്ണവിലയും കൂടുമെന്ന് അവർ ഉറപ്പിച്ചു. എണ്ണവില കൂടിയാൽ അത് അവശ്യസാധനങ്ങളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കുകയും ജീവിതച്ചെലവ് താങ്ങാനാവാത്ത നിലയിലേക്ക് എത്തിക്കുകയും ചെയ്യും എന്നതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ അത്തരത്തിലുള്ള ആശങ്ക അസ്ഥാനത്താണെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഫലമാണിത്.

യുദ്ധം കൂടുതൽ കടുത്തു... ഹോർമുസ് കപ്പൽപ്പാത ഇറാൻ അടച്ചു... ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പെട്ട അവസ്ഥയിലാവാൻ കാരണം ഇതായിരുന്നു. ക്രൂഡ് ഓയിൽ ബാരലിലിന് 119 ഡോളാണ് ഇന്നത്തെ വില. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നിട്ടും എന്തുകൊണ്ട് ഇന്ത്യയെ ബാധിക്കുന്നില്ല എന്നതിനുള്ള കാരണങ്ങൾ പരിശോധിക്കാം.

കരുതൽ ശേഖരം കരുതുന്നതിനേക്കാൾ അപ്പുറം

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും എണ്ണയുടെ കരുതൽ ശേഖരം ഉണ്ടാവും. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ ആ സമയത്ത് ഉപയോഗിക്കുന്നതിനുവേണ്ടിയാണിത്. നിലവിൽ ഇന്ത്യയിൽ 250 ദശലക്ഷം ബാരൽ എണ്ണയുടെ കരുതൽ ശേഖരം ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുറച്ചുനാളുകളായി ഇന്ത്യയിലെ എണ്ണവില സ്ഥിരമായി നിൽക്കുകയാണ്. ആഗോള വിപണിയിൽ വില കാര്യമായ കുറഞ്ഞിട്ടും ചില്ലറവിലയിൽ ഒരുമാറ്റവും വരുത്താൻ എണ്ണക്കമ്പനികൾ തയ്യാറായില്ല. കുറഞ്ഞവിലയ്ക്ക് ഇറക്കുമതിചെയ്ത എണ്ണ നികുതികൾ ഉൾപ്പെടെ കൂടിയ വിലയ്ക്ക് വിറ്റതിലൂടെ എണ്ണക്കമ്പിനികൾ അവരുടെ മാർജിൻ കൂടുതൽ ശക്തിപ്പെടുത്തി. ഉപരോധത്തെത്തുടർന്ന് വളരെ കുറഞ്ഞവിലയ്ക്കാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡോയിൽ വിറ്റത്. അതെല്ലാം പരമാവധി മുതലാക്കുകയായിരുന്നു എന്നർത്ഥം.

ഇന്ത്യയിലെ കരുതൽ ശേഖരത്തിൽ ക്രൂഡോയിൽ മാത്രമല്ല ശുദ്ധീകരിച്ച പെട്രോൾ ഉല്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. യുദ്ധത്തിന്റെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നത്താലോ രാജ്യത്തേക്കുള്ള എണ്ണവരവ് പൂർണമായും നിലച്ചാലും എഴ്-എട്ട് ആഴ്ചകൾ ഒരുകുഴപ്പവുമില്ലാതെ രാജ്യത്തിന് മുന്നോട്ടുപോകാനാവും. ആഗോളതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യം കരുതൽശേഖരം വീണ്ടും വർദ്ധിപ്പിച്ചേക്കും.

ഗ്യാസിന്റെ സ്റ്റോക്ക് അത്രത്തോളമില്ല

എണ്ണയുടെ കരുതൽ ശേഖരം ആവശ്യത്തിലധികം ഉണ്ടെങ്കിലും പാചകവാതകത്തിന്റെ കാര്യം അങ്ങനെയല്ല. എണ്ണയെക്കാൾ താരതമ്യേന കുറഞ്ഞ സ്റ്റോക്കുമാത്രമാണ് രാജ്യത്തുള്ളത്. വിപണിയിലെ പൂഴ്ത്തിവയ്പ്പും കൃത്രിമ ക്ഷാമവും ഉണ്ടാക്കുന്നത് തടയാനാണ് എൽപിജി സിലിണ്ടർ ബുക്കുചെയ്യാനുള്ള കാത്തിരിപ്പ് കാലയളവ് നീട്ടിയതും വില കൂട്ടിയതും. നിലവിലെ കണക്കനുസരിച്ച് ആറ് ആഴ്ചയിലൊരിക്കലാണ് പാചകവാതക സിലിണ്ടർ ആവശ്യമായി വരുന്നത്. അത് ഒരു പ്രശ്നവുമില്ലാതെ നികത്തിക്കൊണ്ടുപോകാൻ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

അങ്ങനെ ഒരിക്കലും ഉണ്ടാവില്ല

ഇന്ത്യ ഒരുരാജ്യത്തുനിന്നുമാത്രമല്ല എണ്ണ വാങ്ങുന്നത്.നാൽപ്പതോളം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണവാങ്ങുന്നത്. അതിനാൽത്തന്നെ വ്യത്യസ്ത പാതകളിലൂടെയാണ് ഇന്ത്യയിലേക്ക് എണ്ണയെത്തുന്നത്. എന്നാൽ ഹോർമുസ് പാതയെക്കാൾ ഇതിന് ചെലവ് കൂടുതലാണെന്നുമാത്രം. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് കാര്യമായ നേട്ടമാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. വിപണിവിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണവിൽക്കുന്നത്. അമേരിക്കയുടെ കണ്ണുരുട്ടലിൽ പേടിച്ച് ചില രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചെങ്കിലും ഇന്ത്യ അത് തുടർന്നിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണവാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതിയുമുണ്ട്. എല്ലാം പരമാവധി ഭദ്രമാക്കിക്കൊണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നർത്ഥം.