കടൽവെള്ളം കുടിവെള്ളമാകും; ലക്ഷദ്വീപിന്റെ ദാഹമകറ്റാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി കേന്ദ്രസർക്കാർ  

Tuesday 10 March 2026 3:54 PM IST

കവരത്തി: സമുദ്രത്താൽ ചുറ്റപ്പെട്ടാണെങ്കിലും ശുദ്ധജലത്തിനായി കഷ്ടപ്പെടുന്ന ലക്ഷദ്വീപ് നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ. സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്ന 'ലോ ടെമ്പറേച്ചർ തെർമൽ ഡീസാലിനേഷൻ' (എൽടിടിഡി) പ്ലാന്റുകൾ ദ്വീപുകളിൽ സജ്ജമായതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.

കടൽ ഉപരിതലത്തിലെ ചൂടുവെള്ളവും ആഴക്കടലിലെ തണുത്ത വെള്ളവും തമ്മിലുള്ള താപനിലയിലെ വ്യത്യാസം പ്രയോജനപ്പെടുത്തിയാണ് ശുദ്ധജലം ഉൽപ്പാദിപ്പിക്കുന്നത്. ഉപരിതലത്തിലെ ചൂടുവെള്ളം ബാഷ്പീകരിക്കുകയും ആഴക്കടലിലെ തണുത്ത വെള്ളം ഉപയോഗിച്ച് അതിനെ സാന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ ഉപ്പില്ലാത്ത ശുദ്ധജലം ലഭിക്കുന്നു.

ആദ്യത്തെ പ്ലാന്റ് കവരത്തിയിലാണ് സ്ഥാപിച്ചത്. നിലവിൽ മിനിക്കോയ്, അഗത്തി, അമിനി, കൽപേനി, കടമത്ത്, ചേത്ലത്ത്, കിൽത്താൻ തുടങ്ങി എട്ട് ദ്വീപുകളിൽ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണ്. രണ്ട് ദ്വീപുകളിൽ കൂടി ഉടൻ ഇവ സജ്ജമാകും. ഓരോ പ്ലാന്റും പ്രതിദിനം ഒരു ലക്ഷം ലിറ്റർ കുടിവെള്ളമാണ് ഉൽപ്പാദിപ്പിക്കുക.

കുടിവെള്ളത്തിന് പുറമെ സമുദ്രതാപോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 'ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ' (ഒടിഇസി) സാങ്കേതികവിദ്യയും കവരത്തിയിൽ വികസിപ്പിക്കുന്നുണ്ട്. 1000 മീറ്റർ താഴ്ചയിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതിയും കുടിവെള്ളവും ഒരേസമയം നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ സംയോജിത സംവിധാനമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കുന്ന ലക്ഷദ്വീപിന് ഇതിലൂടെ വലിയ ആശ്വാസമാകും. പരിസ്ഥിതി സൗഹാർദവും ചെലവ് കുറഞ്ഞതുമായ തദ്ദേശീയ സാങ്കേതികവിദ്യ ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക്ക് കരുത്തേകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ വികസനത്തിന് നൽകുന്ന പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. വിശ്വസനീയമായ കുടിവെള്ളവും വൈദ്യുതിയും ലഭ്യമാകുന്നതോടെ ദ്വീപുകളിലെ ടൂറിസം മേഖലയിലും ബ്ലൂ ഇക്കോണമിയിലും വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.