'108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത്'; മനുഷ്യാവകാശ കമ്മീഷൻ

Tuesday 10 March 2026 4:52 PM IST

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ യഥാസമയം കമ്പനിക്ക് നൽകാത്തതുകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ വൈകിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലൻസിന്റെ സേവനം ജനങ്ങൾ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സർക്കാർ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.

കനിവ് 108 ആംബുലൻസ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിക്കാനുള്ള പ്രായോഗികത സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ വൈകിയത് കാരണം ജീവനക്കാരിൽ ഒരു വിഭാഗം സേവനം നിർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2024 ജൂലായ് 27 വരെ കേന്ദ്ര സംസ്ഥാന ഫണ്ടുകൾ 108 ആംബുലൻസ് നടത്തുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിച്ചില്ലെന്ന് ഉത്തരവിൽ പറഞ്ഞു. സർക്കാർ സഹായം ലഭിക്കാത്തതിനാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 75.50 കോടി നടത്തിപ്പ് കമ്പനിക്ക് നൽകാനുണ്ടായിരുന്നു. ഇത് ജീവനക്കാർക്ക് ശമ്പളം മുടങ്ങാനും ജീവനക്കാരിൽ നിന്നും നിസഹകരണമുണ്ടാകാനും കാരണമായി.

കനിവ് 108 ആംബുലൻസ് സർവ്വീസ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിച്ച് എസ്മ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ പ്രായോഗികതയും നയപരമായ തീരുമാനവും സർക്കാരാണ് പരിഗണിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.