പാറശാലയിൽ വെള്ളംകുടി മുട്ടിച്ച് പൈപ്പ് പൊട്ടൽ

Wednesday 11 March 2026 1:07 AM IST

പാറശാല: പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാറശാലക്കാർക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. പാറശാലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കോടികൾ ചെലവഴിച്ച് പദ്ധതികൾ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും കുടിവെള്ള വിതരണത്തിലെ തടസങ്ങൾ ഇല്ലാതാക്കാനോ കൃത്യമായ വിതരണം ഉറപ്പ് വരുത്താനോ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അൻപതിലേറെ വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ പദ്ധതിയായതുകൊണ്ട് വണ്ടിച്ചിറ ജലസംഭരണിയുമായും വിതരണ സംവിധാനങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടായിരുന്ന നിരവധി തടസങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം കൃത്യമായി വീടുകളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തിയിരുന്നില്ല. ദിനംപ്രതി പൈപ്പുകൾ പൊട്ടുന്നത് കാരണം കുടിവെള്ളം തടസപ്പെടുകയാണ്.

പൈപ്പ് പൊട്ടൽ പതിവ് ജലസംഭരണിക്ക് സമീപം മുതൽ പാറശാല വരെ സ്ഥപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിൽ എവിടെയെങ്കിലും ഒരുഭാഗത്ത് ദിവസവും പൊട്ടും. അതുകാരണം ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങും. വാട്ടർ അതോറിട്ടി അധികൃതർ പൈപ്പുകൾ മാറ്റാൻ ഫണ്ടില്ലെന്ന് കൈമലർത്തുമ്പോഴും പൈപ്പുകൾ മാറ്റി സ്ഥപിക്കാനായി വേണ്ടിവരുന്നതിനേക്കാൾ തുക ഇതിനകം പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിനായി ചെലവാക്കിയിട്ടുണ്ട്.

പൈപ്പ് സ്ഥാപിക്കാൻ അനുമതിയില്ല

നിലവാരം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള ഫണ്ട് ഇല്ലാത്തതാണ് ഇതുവരെ തടസമായിരുന്നതെങ്കിൽ, ഇപ്പോൾ ഫണ്ട് അനുവദിച്ചുകഴിഞ്ഞപ്പോൾ റോഡിൽ സ്ഥാപിക്കാനുള്ള അനുമതിയില്ലെന്നതാണ് പുതിയ തടസം. പി.ഡബ്ല്യു.ഡി വക റോഡുകളിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള അനുമതിയുണ്ടെങ്കിലും ദേശീയപാത അധികൃതർ ജലവിതരണത്തിലെ തടസങ്ങൾ കൂട്ടാക്കുന്നില്ല. അനുമതി നൽകാത്തതുകാരണം പൈപ്പുകൾ മാറ്റാൻ കഴിയുന്നില്ല.

ദേശീയപാതയിൽ ഉൾപ്പെടെ ദിനംപ്രതി പൈപ്പുകൾ പൊട്ടുന്നു, റോഡുകൾ തകരുന്നു, വൻ തോതിൽ കുടിവെള്ളം പാഴാകുന്നു, നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു, പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിനായി ദിനംപ്രതി വൻതുക ചെലവാക്കുന്നു എന്നിവ തുടർന്നുകൊണ്ടേയിരിക്കുന്നു.