കുറ്റൂരിൽ വീടുകയറി ആക്രമണം: പഞ്ചായത്ത് അംഗത്തിനും ബന്ധുവിനും പരിക്ക്

Wednesday 11 March 2026 12:30 AM IST

തിരുവല്ല : കുറ്റൂരിൽ ഇരുപതംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ പഞ്ചായത്തിലെ ആറാംവാർഡ് ബി.ജെ.പി മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മധുക്കുഴിയിൽ വീട്ടിൽ അനുപമ രാജൻ (40), ഭർത്താവിന്റെ സഹോദര പുത്രൻ മിഥുൻ (23) എന്നിവർക്ക് പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ ജനാലകളും സംഘം അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അനുപമയും മക്കളും സഹോദര പുത്രൻ മിഥുനും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ രണ്ടംഗസംഘം ബൈക്കിൽ എത്തി അസഭ്യം പറഞ്ഞു. മിഥുൻ ഇതു ചോദ്യം ചെയ്തതോടെ ഇരുവരും ബൈക്ക് ഓടിച്ചുപോയി. രണ്ടു മിനിറ്റുകൾക്കുശേഷം സംഘം വീണ്ടും തിരികെയെത്തി അസഭ്യവർഷം തുടർന്നു. ഇതിനിടെ സംഘത്തിൽ ഒരാൾ ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് കാറിലും ബൈക്കിലുമായി 18 പേരുടെ സംഘം സ്ഥലത്തെത്തി. ഇവർ കൂട്ടത്തോടെ വീടിന്റെ സിറ്റൗട്ടിലേക്കും കാർപോർച്ചിലേക്കും ഇരച്ചുകയറി. മിഥുനെ സംഘം ചവിട്ടി വീഴ്ത്തിയശേഷം മർദ്ദിച്ചു. ഇത് തടയാനെത്തിയ അനുപമയെയും സംഘത്തിലെ ഒരാൾ തൊഴിച്ചു വീഴ്ത്തി. തുടർന്ന് കാർപോർച്ചിലെ ജനൽ ചില്ലുകൾ സംഘം അടിച്ചുടച്ചു. സംഭവസമയം അനുപമയുടെ ഭർത്താവ് രാജൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ബഹളംകേട്ട് എത്തിയ സമീപവാസികളെയും സംഘം വിരട്ടിയോടിച്ചു. തുടർന്ന് സംഘം വാഹനങ്ങളിൽ സ്ഥലത്ത് നിന്ന് കടന്നു. കുറ്റൂർ എട്ടാം വാർഡിൽ കല്ലൂക്കുളം സ്വദേശിയായ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നും സംഘത്തിൽ ഉണ്ടായിരുന്നവരെ കണ്ടാൽ അറിയാമെന്നും അനുപമ രാജൻ പറഞ്ഞു. ഇരുവരുടെയും മൊഴിപ്രകാരം 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.