യുവതിക്ക് സന്ദേശമയച്ച യുവാവിനെ ചുറ്റികയ്ക്കടിച്ച ഭർത്താവിനായി തിരച്ചിൽ
ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശമയച്ചെന്നാരോപിച്ച് അയൽവാസിയെ ഭർത്താവ് ചുറ്റികയ്ക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ആറാട്ടുവഴി ചക്കുപറമ്പ് വീട്ടിൽ ഷിബിൻ രാജ് (28) ആലപ്പുഴ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചക്കുപറമ്പ് സ്വദേശി ജോബിൻ ജോൺസണിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടി - മംഗലം റോഡിൽ ജോസ്കോ തടിമില്ലിന് കിഴക്കുവശത്തെ വീട്ടുമുറ്റത്തായിരുന്നു സംഭവം. ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിബിൻ രാജിനോട് ജോബിൻ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് കൈയ്യിൽ കരുതിയിരുന്ന ചുറ്റികയ്ക്ക് ജോബിനെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് കേസ്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുറ്റികയ്ക്കുള്ള അടിയേറ്റ് ഷിബിൻ രാജിന് തലയോട്ടിയുടെ ഇടതുവശത്ത് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഷിബിൻ രാജിന്റെ ഭാര്യ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു.