കോർപ്പറേഷൻ മാർച്ചിനിടെ സംഘർഷം, മേയർക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ: എൽ.ഡി.എഫ് കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടയിലുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിരയ്ക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് 11.15ഓടെ ആരംഭിച്ച കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയും മേയർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ 79 അജണ്ടകൾ ചർച്ച ചെയ്യാനുണ്ടായിരുന്നു. എന്നാൽ യോഗത്തിനിടയിൽ തനിക്ക് പരിക്കുണ്ടെന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും പറഞ്ഞ മേയർ 51 അജണ്ടകൾ മാത്രം ചർച്ച ചെയ്ത് ബാക്കിയുള്ള അജണ്ടകൾ ചർച്ച ചെയ്യാതെ പാസാക്കുകയും യോഗം അവസാനിപ്പിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
എം.എൽ.എ ഫണ്ട് പ്രവൃത്തികൾക്ക് കോർപറേഷൻ ഭരണാധികാരികൾ അനുമതി നിഷേധിക്കുവെന്നാരോപിച്ച് ഇന്നലെ രാവിലെ എട്ടോടെയാണ് എൽ.ഡി.എഫ് പ്രവർത്തകർ കോർപറേഷന്റെ ഇരു ഗേറ്റുകളിലും ഉപരോധം ആരംഭിച്ചത്. സമരത്തിനിടയിൽ കോർപറേഷൻ ഓഫിസിലേക്ക് വരികയായിരുന്ന മേയർ പി. ഇന്ദിരയെയും വനിത കൗൺസിലർമാരായ പി. ദീപ, രേഷ്മ വിനോദ്, കെ. ഉഷാകുമാരി തുടങ്ങിയവരെ സമരത്തിനെത്തിയ പ്രവർത്തകർ കോർപറേഷനുള്ളിലേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയും ഇതിനിടയിൽ കൗൺസിലർ ദീപയുടെ വസ്ത്രം കീറുകയും ചെയ്തു.
പിന്നീട് 10.15ന് ഉപരോധ സമരം അവസാനിപ്പിക്കുന്നതായി എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ എൻ. ചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ പിൻവശം വഴി മേയറും യു.ഡി.എഫ് കൗൺസിലർ ദീപയും ഓഫീസിനകത്തെത്തി സമരക്കാരുടെ മുന്നിലെത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകർ വീണ്ടും കോർപറേഷൻ ഓഫീസ് പൂട്ടിയിട്ടു. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് മേയർക്കും ഇരുവിഭാഗത്തിനും മർദ്ദനമേറ്റതെന്ന് പറയുന്നു. മേയർക്കൊപ്പം സ്ഥിരം സമിതി അദ്ധ്യക്ഷൻ റിഷാം താണ, കൗൺസിലർ ദീപ എന്നിവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എൽ.ഡി.എഫ് പ്രവർത്തകരായ പി.എം. സാജിദ്, ഫാത്തിമ വാഴയിൽ, ഡാലിയ ഗ്രേസ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
നേരത്തെ പൊലീസിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വം ആരോപിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ മേയർ ഉൾപ്പെടെ ഭരണപക്ഷ കൗൺസിലർമാരും യു.ഡി.എഫ് പ്രവർത്തകരും റോഡ് ഉപരോധിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കൗൺസിൽ
കണ്ണൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷന് മുന്നിൽ നടന്ന സമരത്തിനെതിരെ കോർപ്പേറഷൻ കൗൺസിൽ യോഗത്തിൽ മേയറും യു.ഡി.എഫ് കൗൺസിലർമാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുകയും മേയറെ കൈയേറ്റം ചെയ്യുകയും ചെയ്ത സി.പി.എം പ്രവർത്തകർക്കെതിരെയും ഇതിന് കൂട്ടുനിന്ന പൊലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റിജിൽ മാക്കുറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റിഷാം താണ എന്നിവർ പിന്താങ്ങി.
ഉപരോധസമരം കഴിഞ്ഞാണ് മേയർ കോർപറേഷനുള്ളിലേക്ക് കയറിയതെന്നും എന്നിട്ടും സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേയറെ കൈയേറ്റം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് സത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രമേയം അവതരിപ്പിച്ച റിജിൽ മാക്കുറ്റി പറഞ്ഞു. ജനാധിപത്യ മര്യാദകൾ എല്ലാം ലംഘിച്ചാണ് മേയറെയും കൗൺസിലർമാരെയും കൈയേറ്റം ചെയ്തതെന്ന് റിഷാം താണ ആരോപിച്ചു. പൊലീസും സി.പി.എം പ്രവർത്തകരും കോർപറേഷനുള്ളിലേക്ക് കടക്കാൻ സമ്മതിച്ചിട്ടില്ലെന്ന് മേയർ പി. ഇന്ദിര പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കൗൺസിലർമാർ ഇന്നലെ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. ട്വന്റിട്വന്റി ലോക കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൗൺസിൽ യോഗം അഭിനന്ദിക്കുകയും ചെയ്തു.