നഗരത്തിൽ ഒറ്റദിവസം 202 നായ്ക്കൾക്ക് വാക്സിൻ നൽകി

Tuesday 10 March 2026 10:05 PM IST

ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിൽ തെരുവ് നായകൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ബീച്ച് പരിസരത്താണ് വാക്സിനേഷന്റെ തുടക്കം. ആദ്യ ദിവസത്തിൽ 202 നായ്ക്കൾക്ക് കുത്തിവയ്പ്പെടുത്തു. വാക്സിനേഷൻ നടത്തിയ നായകളെ ഫാബ്രിക്ക് പെയിന്റ് ഉപയോഗിച്ച് അടയാളം രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയക്കുന്നത്. ഈ മാസം 19 വരെ ക്യാമ്പയിൻ നടക്കും. മൃഗ സംരക്ഷണ വകുപ്പും നഗരസഭയും ചേർന്നാണ് വാക്സിനേഷൻ സംഘടിപ്പിക്കുന്നത്.

മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച 8 ഡോഗ് കാച്ചേഴ്സ് ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. നഗരസഭ പ്രദേശത്ത് തെരുവ് നായ ആക്രമണം വർദ്ധിച്ച സാഹചര്യത്തിലാണ് മെഗാ വാക്സിനേഷൻ ക്യാമ്പയിൻ. പ്രതിദിനം അറ് വാർഡുകളിലായി വാക്സിനേഷൻ പ്രക്രിയ നടന്നുവരുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു.

വാക്സിനേഷന്റെ ഗുണങ്ങൾ

നായയുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധയുടെ സാധ്യത കുറയ്ക്കുന്നു ലെപ്‌റ്റോസ്‌പൈറോസിസ്, പേവിഷബാധ എന്നിവ നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരാതെ തടയുന്നു ചെലവേറിയ ചികിത്സ ഒഴിവാക്കി നായയുടെ ആരോഗ്യം നിലനിർത്തുന്നു

സാധാരണയായി 6-8 ആഴ്ച പ്രായമാകുമ്പോൾ വാക്സിനേഷൻ ആരംഭിക്കുകയും പ്രതിവർഷം ബൂസ്റ്റർ ഡോസുകൾ നൽകുകയും വേണം

വാക്സിനേഷൻ ചെയ്ത നായകളുടെ വന്ധ്യംകരണ നടപടികൾ ജില്ലാ പഞ്ചായത്തുമായി ചേർന്ന് എ.ബി.സി പദ്ധതി പ്രകാരം നടപ്പിലാക്കും. നഗരത്തിലെ മുഴുവൻ നായകളെയും വാക്സിനേഷന് വിധേയമാക്കുമെന്ന് ഉറപ്പുവരുത്തും

- മോളി ജേക്കബ്,നഗരസഭ ചെയർപേഴ്സൺ