റേഷന്‍ കടയുടെ മറവില്‍ കച്ചവടം പൊടിപൊടിച്ചു; വ്യാപാരിയെ തൂക്കി പൊലീസ്

Tuesday 10 March 2026 11:09 PM IST

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. 170 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട് കല്ലിന്മൂട്ടില്‍ റേഷന്‍ കട നടത്തുന്ന നൈഫ് ആണ് പിടിയിലായത്.

ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിസാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ രചന സി, പ്രിവന്റീവ് ഓഫീസര്‍ ഷിബു എം, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ദേവിപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരത്ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ആദര്‍ശ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.