ഡോ. കെ.എൻ. പണിക്കർ വിടവാങ്ങുമ്പോൾ

Wednesday 11 March 2026 12:42 AM IST

ഒരു വസ്തുവിനെ നമ്മൾ ഏതു ദിശയിൽ നിന്ന് നോക്കുന്നു എന്നത് വളരെ പ്രധാനമാണ്. ആ വസ്തുവിന്റെ രൂപവും ഭാവവും അതനുസരിച്ചാവും ദൃശ്യമാവുക. എല്ലാ വശങ്ങളിൽ നിന്നുമുള്ള നോട്ടത്തിന്റെ ആകെത്തുകയിൽ നിന്നു മാത്രമേ ആ വസ്തുവിന്റെ സമഗ്രഭാവം ധരിക്കാനാവൂ. ഇത് പലപ്പോഴും അസാദ്ധ്യവുമാണ്. പ്രത്യേകിച്ചും ചരിത്രം രേഖപ്പെടുത്തുന്ന കാര്യത്തിൽ. ബ്രിട്ടീഷുകാരൻ ഇന്ത്യയുടെ ചരിത്രം വീക്ഷിക്കുന്നതും രേഖപ്പെടുത്തുന്നതും അവരുടേതായ രീതിയിലായിരിക്കും. ഇന്ത്യക്കാരൻ അതേ ചരിത്രം അടയാളപ്പെടുത്തുന്നത് മറ്റൊരു രീതിയിലാവും. 1857-ലെ സംഭവത്തെ ബ്രിട്ടീഷ് ചരിത്രകാരന്മാർ ശിപായി ലഹളയെന്ന് വിളിക്കുമ്പോൾ,​ ഇന്ത്യൻ ചരിത്രകാരന്മാർ അതിനെ ഒന്നാം സ്വാതന്ത്ര്യ‌ സമരമായാണ് അടയാളപ്പെടുത്തുന്നത്.

ഏതു രീതിയിലും വസ്തുതകൾ വളച്ചൊടിക്കാൻ പാടില്ല. വസ്തുനിഷ്ഠമായ ചരിത്രത്തിന്റെ രേഖപ്പെടുത്തലാവും ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുക. ആ രീതിയിൽ ചരിത്ര സംഭവങ്ങളെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തിയ ചരിത്രകാരനാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡോ. കെ.എൻ. പണിക്കർ. ചരിത്രത്തെ അദ്ദേഹം വീക്ഷിച്ചത് പ്രധാനമായും മാർക്‌സിയൻ ചിന്താധാരയിലൂടെയായിരുന്നു. ആ വീക്ഷണഗതിയോട് വിയോജിക്കുന്നവർക്കു പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ചരിത്രാഖ്യാന പടുതയെയും അംഗീകരിക്കാതിരിക്കാനാവില്ല. ചരിത്രരചന അദ്ദേഹത്തിന് തന്റേതായ രാഷ്ട്രീയ പ്രവർത്തനവും സമരപഥവുമായിരുന്നു. ചെറുപ്പകാലം മുതൽ തന്നെ പരന്ന വായനയിലൂടെ ഇംഗ്ളീഷ് ഭാഷയിലും ചരിത്രത്തിലും അനിതര സാധാരണമായ കഴിവുകൾ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ചരിത്ര രചനയ്ക്കും അദ്ധ്യാപനത്തിനുമായി ജീവിതം സമർപ്പിച്ച പണിക്കർ, എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അദ്ധ്യാപനത്തിലൂടെയും സമകാലീന സമൂഹത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

മാർക്സിയൻ കാഴ്ചപ്പാടുകളും ഇറ്റാലിയൻ ചരിത്രകാരനായ അന്റോണിയോ ഗ്രാംഷിയുടെ വീക്ഷണങ്ങളുമാണ് പണിക്കരെ ഏറ്റവും അഗാധമായി സ്വാധീനിച്ചിരുന്നത്. ഈ രണ്ട് ചിന്താസരണികളും സമന്വയിച്ചതായിരുന്നു പണിക്കരുടെ ചരിത്രരചന. ചരിത്രം പറയുന്നത് നേരായ വഴിക്കായിരിക്കണമെന്നും അതിൽ നീതി പുലർത്തണമെന്നുമുള്ള നിലപാടാണ് അദ്ദേഹത്തിന്റെ ചരിത്ര രചനകളെ വ്യത്യസ്തമാക്കിയത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. ജെ.എൻ.യുവിൽ ചരിത്രാദ്ധ്യാപകനായതോടെ ഇടതുപക്ഷ ആശയങ്ങളുടെ അടിത്തറയിൽ വിദ്യാർത്ഥികളിൽ പുതിയൊരു അവബോധം സൃഷ്ടിക്കാനുള്ള ധൈഷണികമായ കർമ്മങ്ങളിലാണ് അദ്ദേഹം വ്യാപരിച്ചത്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് എന്നിവയിൽ റോമിലാ ഥാപ്പർ, ആർ.എസ്. ശർമ്മ തുടങ്ങിയ ചരിത്രകാരന്മാരുമായി അടുത്ത് പ്രവർത്തിച്ചു. ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടപ്പോൾ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും,​ പള്ളിയുടെ ചരിത്രപശ്ചാത്തലം ചൂണ്ടിക്കാട്ടി ലഘുലേഖ തയ്യാറാക്കുകയും ചെയ്തവരുടെ കൂട്ടത്തിലെ പ്രമുഖനായിരുന്നു അദ്ദേഹം.

മലബാർ കലാപം മുതൽ ബാബ്‌റി മസ്‌ജിദ് വിഷയം വരെ ചരിത്രത്തിലൂടെ അപഗ്രഥിച്ച അദ്ദേഹം ഇംഗ്ളീഷിലാണ് അധികം കൃതികളും രചിച്ചത്. പത്തോളം വിലപ്പെട്ട ചരിത്ര പുസ്തകങ്ങൾ രചിച്ച അദ്ദേഹം എട്ട് പുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്തു. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന ഡോ. കെ.എൻ. പണിക്കരുടെ നവതി ആഘോഷത്തിനായി അന്തർദ്ദേശീയ ചരിത്ര സമ്മേളനം നടത്താൻ കൗൺസിൽ ഒരുങ്ങവെയാണ് അദ്ദേഹത്തിന്റെ വിയോഗം. അനാരോഗ്യം കാരണം കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ഒരു വർഷം മുൻപ് കാഞ്ഞങ്ങാട് മാധവൻ ഫൗണ്ടേഷന്റെ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സമ്മാനിച്ചത്. പ്രമുഖ ചരിത്രകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എൻ. പണിക്കരുടെ വിയോഗം കേരളത്തിന്റെ ധൈഷണിക രംഗത്തിന് വലിയൊരു നഷ്ടമാണ് വരുത്തിയിരിക്കുന്നത്.