കത്തിയ ബൈക്കുകൾക്ക് നഷ്ടപരിഹാരം വിതരണത്തിന്
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ കത്തിനശിച്ച ബൈക്കുകൾക്ക് കരാറുകാരൻ നഷ്ടപരിഹാര തുക നൽകി തുടങ്ങി. 'വാഹനം ഏറ്റുവാങ്ങി കൊണ്ടുപോകുന്നു' എന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടു നൽകിയാലേ, നഷ്ടപരിഹാര തുക വെളിപ്പെടുത്തൂ എന്ന വ്യവസ്ഥയിൽ നിന്ന് കരാറുകാരൻ പിറകോട്ട് പോയതോടെയാണ് നഷ്ടപരിഹാരം ഏറ്റുവാങ്ങാൻ തുടങ്ങിയത്. ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടൂ വീലേഴ്‌സ് അസോസിയേഷൻ കളക്ടർ ശിഖ സുരേന്ദ്രനെ സമീപിച്ചതോടെ അവർ ഇടപെടുകയായിരുന്നു. തുടർന്നാണ് ഉടമകൾക്ക് നേരിട്ട് കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം വാങ്ങാൻ തുടങ്ങിയത്. നഷ്ടപരിഹാരത്തുക ഉടമകൾക്ക് തൃപ്തികരമാണെങ്കിൽ വാങ്ങിയാൽ മതിയെന്നും അല്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു. 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ടു നൽകിയാലേ നഷ്ടപരിഹാരം ലഭിക്കൂ. ജനുവരി നാലിന് പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന മുന്നൂറ്റി മുപ്പതോളം ബൈക്കുകളാണ് പൂർണമായി കത്തിയത്. വാഹനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ റെയിൽവേക്കും കരാറുകാരനും ഗുരുതരവീഴ്ച്ച സംഭവിച്ചെന്ന് ആരോപിച്ചും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി സമരപരിപാടികൾ ടു വീലർ യൂസേഴ്‌സ് അസോസിയേഷനും മറ്റു സംഘടനകളും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ കരാറുകാരൻ സമ്മതിച്ചിരുന്നെങ്കിലും ഉപാധികൾ ഉടമകൾ അംഗീകരിച്ചിരുന്നില്ല.
കത്തിനശിച്ച വാഹനാവശിഷ്ടങ്ങൾ വാഹന ഉടമകളുടെ സമ്മതമില്ലാതെ ദുരന്തസ്ഥലത്ത് നിന്നും മാറ്റാൻ ആരെയും അനുവദിക്കരുത്.
ജെയിംസ് മുട്ടിക്കൽ അസോസിയേഷൻ പ്രസിഡന്റ്