ഗാർഹിക ഗ്യാസിൽ ആശങ്ക വേണ്ട: പെട്രോളിയം മന്ത്രി

Wednesday 11 March 2026 12:34 AM IST

ന്യൂഡൽഹി: നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തരാകരുതെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിൽ 40 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ എൽ.പി.ജി ഉൽപാദനം 10 ശതമാനം വർദ്ധിപ്പിച്ചു.

യുദ്ധസാഹചര്യങ്ങൾക്കിടയിലും, സി.എൻ.ജി, പി.എൻ.ജി എന്നിവ ആഭ്യന്തര ഉപഭോക്താക്കൾക്ക് 100%വും മറ്റ് മേഖലകൾക്ക് 70-80% ഉം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ തടസമില്ലാതെ വിതരണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

അതേസമയം,​ റെസ്റ്റോറന്റുകൾക്ക് വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ തടസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.ഐ.ഐ) പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തെഴുതി. തടസ്സങ്ങൾ വ്യവസായത്തെയും ഭക്ഷണ വിതരണത്തെയും സാരമായി ബാധിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവിലെ രൂക്ഷമായ വാണിജ്യ എൽ.പി.ജി ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഹർദീപ് സിംഗ് പുരിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നഗരത്തിലെ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സേവനങ്ങൾ എന്നിവ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

വിമർശിച്ച് പ്രിയങ്ക ഗാന്ധി

വ്യാപാര കരാറിനായി യു.എസിന് മുന്നിൽ വഴങ്ങിയതാണ് രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് കാരണമെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. യുദ്ധത്തിനൊപ്പം സർക്കാരിന്റെ നയങ്ങളും പ്രതിസന്ധി രൂക്ഷമാക്കാൻ വഴി തെളിച്ചു.