ശ്രദ്ധ കൂടും, ഓർ‌മ്മശക്തി വർദ്ധിക്കും, ഈ ചെറുവിനോദം ശീലമാക്കുന്നത് നല്ലതെന്ന് ഗവേഷകർ

Wednesday 11 March 2026 12:59 AM IST

നമുക്കെല്ലാം പലതരം ഇഷ്‌ടപ്പെട്ട പല വിനോദങ്ങളുണ്ട്. ടോയ്‌ കാറുകൾ കളക്ഷനും ജംഗിൾ സഫാരി നടത്തി ചിത്രമെടുക്കുന്നതും പലതരം പക്ഷികളുടെ തൂവൽ സൂക്ഷിക്കുമെന്നതൊക്കെ ഓരോരുത്തരുടെ ഹോബികളാണ്. ഇത്തരത്തിൽ നിരവധിപേർക്കുള്ള ഒരു വിനോദം വസ്‌തുക്കളെക്കുറിച്ചുള്ള ധാരണ, ശ്രദ്ധ, ഓ‌ർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാൻ ഉപകരിക്കുമെന്നാണ് വിവരം. നാഡീഗവേഷണത്തിലെ വിദഗ്ദ്ധരായ ശാസ്‌ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്.

ശ്രദ്ധയും ദൃശ്യവിവേചന ശക്തിയും നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗം തുടക്കക്കാരെ അപേക്ഷിച്ച് പ്രായമേറിയ അനുഭവസമ്പന്നരായ പക്ഷിനിരീക്ഷകരിൽ വളരെ മികവാർന്നതായിരിക്കും എന്നാണ് വിവരം. ഇതോടെ തലച്ചോറിന് മികവ് നൽകുന്ന ഒരു വിനോദമായിതന്നെ പക്ഷിനിരീക്ഷണത്തെ കാണാനാകും എന്നാണ് നാഡീവിദഗ്ദ്ധർ പറയുന്നത്.

അനുഭവസമ്പന്നരായ പക്ഷിനിരീക്ഷകരുടെയും തുടക്കക്കാരുടെയും മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനം ഈ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. ഒറ്റ കാഴ്‌ചയിലൂടെ പക്ഷികളെ മനസിലാക്കുന്ന അവയുടെ പ്രത്യേകതകൾ വിശദീകരിക്കാനാകുന്ന വിദഗ്ദ്ധരുടെ മസ്‌തിഷ്‌കം മികവ് പ്രകടിപ്പിച്ചു എന്നാണ് പഠനത്തിൽ തെളി‌ഞ്ഞത്.

ഇരുവിഭാഗം ആളുകളുടെയും തലച്ചോറിലെ കലകളിലൂടെ ജലം എത്രവേഗത്തിൽ കടന്നുപോകുന്നു എന്നതാണ് അവ‌ർ നിരീക്ഷിച്ചത്. പരിചയസമ്പന്നരായ പക്ഷിനിരീക്ഷകരുടെ തലച്ചോറിലെ കലകളിൽ ശ്രദ്ധയുടെയും ധാരണയുടെയും ഭാഗത്ത് കൂടുതൽ ചലനം രേഖപ്പെടുത്തി. ബേക്രെസ്റ്റ് എന്ന ഗവേഷണ സൈറ്റിലെ കോഗ്‌നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ഡോ.എറിക് എ വിംഗ്, തങ്ങൾ തലച്ചോറിലെ ജല തന്മാത്രകളുടെ വ്യാപനമാണ് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു. സെറിബ്രൽ കോർട്ടക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനും ഉള്ള ഭാഗത്ത് കാര്യമായ വ്യത്യാസം ഗവേഷകർ കണ്ടെത്തി.

എന്നാൽ തലച്ചോറിനെ മുഴുവൻ മാറ്റുന്നതിന് പകരം പക്ഷിനിരീക്ഷകർ കൂടുതൽ ആശ്രയിക്കുന്ന ഭാഗങ്ങളെ മനസിലാക്കാൻ ഈ പഠനം സഹായിച്ചു. 22 വയസിനും 79 വയസിനുമിടയിൽ പ്രായമുള്ളവരുടെ മസ്‌തിഷ്‌കമാണ് പഠന വിധേയമാക്കിയത്. ഇതിൽ വിദഗ്ദ്ധരുടെ മസ്‌തിഷ്‌കങ്ങൾ പ്രായം ഏറുമ്പോഴും കുറച്ചേ മാറിയിരുന്നുള്ലൂ. 'പക്ഷിനിരീക്ഷണത്തിലെ കഴിവ് നേടുകവഴി പ്രായമേറുമ്പോൾ ആളുകളുടെ അറിവ് വർദ്ധിക്കുന്നതിന് കാരണമാകും.' ഗവേഷകർ വ്യക്തമാക്കുന്നു. മുൻപ് കണ്ടിട്ടുള്ള പക്ഷികളെ പിന്നീട് കാണുമ്പോൾ പേര് പറയുന്നത് ഓർമ്മശക്തിയെ ഉണർത്തുന്ന കാര്യമാണ് ഇത്തരം കഴിവുകളെ പക്ഷിനീരീക്ഷണം സഹായിക്കുന്നുണ്ടെന്ന് പഠനത്തിലുണ്ട്. ദി ജേണൽ ഓഫ് ന്യൂറോസയൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിലാണ് ഇതടക്കം പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.