എറണാകുളം റൂറൽ ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ്: 73 പേർ പിടിയിൽ

Wednesday 11 March 2026 1:26 AM IST

ആലുവ: എറണാകുളം റൂറൽ ജില്ല പൊലീസ് നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽക്കഴിഞ്ഞ 73 പേർ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുത്തൻകുരിശ് സബ് ഡിവിഷനിൽ 23 പേരെയും മുനമ്പം സബ് ഡിവിഷനിൽ 21 പേരെയും ആലുവയിൽ 20 പേരെയും അറസ്റ്റ് ചെയ്തു. ലോംഗ് പെൻഡിംഗ് വാറന്റുമായി ബന്ധപ്പെട്ട് 20 പേരും അന്വേഷണത്തിനിടയിൽ ഒളിവിൽപ്പോയ നാല് പേരും പിടിയിലായി. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 567 പേർക്കെതിരെ നടപടിയെടുത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് 34 പേർ പിടിയിലായി. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കൂടുതൽ പേർ പിടിയിലായത്. 14 പേർ. പൊതുസ്ഥലത്ത് മദ്യപാനം, അനധികൃതമായി മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 91 പേരെ കസ്റ്റഡിയിലെടുത്തു. മുനമ്പം സബ് ഡിവിഷനിലാണ് കൂടുതൽ പേർ പിടിയിലായത്. 28 പേർ. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ 59 പേരും പിടിയിലായി. സ്ഥിരം കുറ്റവാളികൾ, ജയിലിൽനിന്ന് ഇറങ്ങിയവർ, ജാമ്യം ലഭിച്ചവർ എന്നിവരുടെ തൽസ്ഥിതിയും പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാർക്കിംഗ് ഏരിയ, പൊതുസ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. റേഞ്ച് ഡി.ഐ.ജി ഡോ.അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു സ്പെഷ്യൽ ഡ്രൈവ്. വരുംദിവസങ്ങളിലും പരിശോധന തുടരും.