പൈപ്പ് ലൈനിലെ ചോർച്ച ; ജലവിതരണം പുനരാരംഭിച്ചു
Wednesday 11 March 2026 2:58 AM IST
തിരുവനന്തപുരം: കുറവൻകോണം ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ 400 എം.എം മെയിൻ ട്രാൻസ്‌മിഷൻ പൈപ്പിലുണ്ടായ ചോർച്ച പരിഹരിച്ചു. തിങ്കളാഴ്ചയാണ് ഇവിടെ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത്. തുടർന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും കുഴിയിൽപ്പെടാതിരിക്കാൻ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജലവിതരണം നിറുത്തിവച്ച് ചൊവ്വാഴ്ച രാവിലെ ആരംഭിച്ച അറ്റകുറ്റപ്പണി രാത്രിയോടെയാണ് പൂർത്തിയായത്. ഇതോടൊപ്പം കുറവൻകോണം ജംഗ്ഷനടുത്ത് മറ്റൊരു ഭാഗത്ത് കണ്ടെത്തിയ ചോർച്ചയും പരിഹരിച്ചു. രാത്രിയോടെ പേരൂർക്കട ടാങ്കിൽ നിന്നുള്ള ജലവിതരണം പുനരാരംഭിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂവെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. അപ്രതീക്ഷിതായി വെള്ളം മുടങ്ങിയത് പേരൂർക്കട ടാങ്കിൽ നിന്ന് കുടിവെള്ളമെത്തുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു.